വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെ കുറിച്ച് വിവരങ്ങള്‍ കൊടുക്കുന്നവര്‍ക്ക് പാരിതോഷികമായി ഏഴ് കോടി രൂപ പ്രഖ്യാപിച്ച് അമേരിക്ക. ഹംസ ബിന്‍ ലാദന്‍ തീവ്രവാദത്തിന്റെ മുഖമായി ഉയര്‍ന്നു വരുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ബിന്‍ ലാദല്‍ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. പാക്കിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനിലെ വീട്ടുതടങ്കലിലോ ആണ് ഹംസ കഴിയുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.
ബിന്‍ ലാദന്റെ മരണത്തിന് ശേഷം ഹംസ ബിന്‍ ലാദന്‍ അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.2011ല്‍ പിതാവിനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയിരുന്നതായും അമേരിക്ക ആരോപിക്കുന്നുണ്ട്. സിറിയയിലെ തീവ്രവാദികള്‍ ഒന്നിച്ചു നില്‍ക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ ഹംസ ബിന്‍ ലാദന്‍ 2015 ല്‍ പുറത്തു വിട്ടിരുന്നു.