അരിസോണ: അമേരിക്കന്‍ സംസ്ഥാനമായ അരിസോണയില്‍ ഭിന്നശേഷിക്കാരിയായ സ്ത്രീയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കുറ്റത്തിന് നഴ്‌സിന് 10 വര്‍ഷം തടവ് ശിക്ഷ. നതാന്‍ സതര്‍ലാന്റിനാണ് ഫീനിക്‌സ് കോടതി ശിക്ഷ വിധിച്ചത്.
നഴ്‌സായ സതര്‍ലാന്റിന്റെ തന്നെ സംരക്ഷണച്ചുമതലയിലായിരുന്ന ഭിന്നശേഷിയുള്ള 30കാരിയാണ് പീഡനത്തിനിരയായത്. ഫീനിക്‌സിലെ സംരക്ഷണകേന്ദ്രത്തില്‍ വെച്ചായിരുന്നു പീഡനം നടന്നത്. സതര്‍ലാന്റ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതി മൂന്ന് വയസ് മുതല്‍ ഫീനിക്‌സിലെ സംരക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ് പോരുകയായിരുന്നു. ഇവര്‍ക്ക് സംസാരശേഷിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ഇവര്‍ 2019 ഡിസംബറിലായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ യുവതി പ്രസവിക്കുന്നത് വരെ അവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നു എന്നാണ് സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാര്‍ പ്രതികരിച്ചിരുന്നത്.
യുവതി പ്രസവിച്ചതിന് പിന്നാലെ സംരക്ഷണകേന്ദ്രത്തിലെ പുരുഷന്മാരായ ജീവനക്കാരുടെ ഡി.എന്‍.എ പരിശോധന നടത്തിയിരുന്നു. ഇതിലൂടെയാണ് സതര്‍ലാന്റാണ് കുറ്റവാളി എന്ന് തെളിഞ്ഞത്.
2012 മുതല്‍ സംരക്ഷണകേന്ദ്രത്തില്‍ നഴ്‌സായി ജോലി ചെയ്യുന്നയാളാണ് സതര്‍ലാന്റ്.