| Sunday, 20th December 2020, 5:37 pm

ഫൈസര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിമിഷങ്ങള്‍ക്കം നഴ്‌സ് തലകറങ്ങി വീണു; ആശങ്കപ്പെടേണ്ടതില്ലെന്ന് ഗവേഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഫൈസര്‍ ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് തലകറങ്ങി വീണതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ടെന്നസിയ്ക്കടുത്തുള്ള ആശുപത്രിയിലെ നഴ്‌സാണ് വാക്‌സിന്‍ സ്വീകരിച്ച് നിമിഷങ്ങള്‍ക്കകം ബോധരഹിതയായത്.

ടിഫാനി ഡോവര്‍ എന്ന നഴ്‌സിനാണ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ബോധക്ഷയമുണ്ടായത്. വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് ടിഫാനിയ്ക്ക് ബോധക്ഷയമുണ്ടായത്.

മാധ്യമങ്ങളോട് വാക്‌സിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത തോന്നിയ ടിഫാനി തനിക്ക് തലകറങ്ങുന്നുവെന്ന് പറഞ്ഞിരുന്നു. ഉടന്‍ തന്നെ ബോധമറ്റ് വീഴുകയായിരുന്നു അവര്‍. തുടര്‍ന്ന് നിരവധി ഡോക്ടര്‍മാര്‍ ചേര്‍ന്ന് ടിഫാനിയെ എഴുന്നേല്‍പ്പിച്ചിരുത്തുകയായിരുന്നു.

ബോധക്ഷയത്തിനു മുമ്പ് ടിഫാനി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു, നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാവുന്നതുപോലെ ഇന്ന് ഞങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ആവേശത്തിലാണ്. കൊവിഡ് വാര്‍ഡില്‍ ആണ് ഞങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ജോലി ചെയ്യുന്നത്. അതിനാലാണ് ആദ്യ വാക്‌സിന്‍ ഞങ്ങളില്‍ കുത്തിവെയ്ക്കുന്നത്, ടിഫാനി പറഞ്ഞു.

അതേസമയം ടിഫാനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തനിക്ക് ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ലെന്നും സാധാരണനിലയിലെത്തിയെന്നും ടിഫാനി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

അതേസമയം വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ബോധരഹിതരാകുന്ന സംഭവം സ്വാഭാവികമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. എല്ലാ വാക്‌സിനുകള്‍ സ്വീകരിക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

വാക്‌സിനേഷന് വിധേയമാകുമ്പോഴുണ്ടാകുന്ന ആശങ്കയും വേദനയും ആണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് യുണൈറ്റൈഡ് സ്റ്റേറ്റ്‌സ് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ ഗവേഷകര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Nurse Fainted After Taking Covid Vaccine

We use cookies to give you the best possible experience. Learn more