ഇസ്രഈല്‍ യുദ്ധക്കുറ്റം ചെയ്തുവെന്നതിന് ഞങ്ങളുടെ പക്കല്‍ തെളുവുകളില്ല: യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍
World News
ഇസ്രഈല്‍ യുദ്ധക്കുറ്റം ചെയ്തുവെന്നതിന് ഞങ്ങളുടെ പക്കല്‍ തെളുവുകളില്ല: യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th January 2024, 5:24 pm

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ ഗസയില്‍ മനഃപൂര്‍വം യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നുവെന്ന ആരോപണത്തില്‍ തെളിവുകളൊന്നും തങ്ങള്‍ കണ്ടിട്ടില്ലെന്ന് യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍.

ഇസ്രഈലിനെതിരെ അന്വേഷണം നടത്തണമെന്ന് നിരവധി രാജ്യങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയോടും ക്രിമിനല്‍ കോടതിയോടും ആവശ്യപ്പെട്ടതില്‍, നീ നീക്കം എന്ത് ഫലമുണ്ടാക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ശേഖരിക്കുകയാണെന്ന് യു.എസ് പ്രതികരിച്ചു.

ഇസ്രഈലി സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നതായി തങ്ങള്‍ക്ക് സൂചനകളൊന്നുമില്ലെന്നും യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തിലും വംശഹത്യയിലും വിശദമായ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് (ഐ.സി.സി) ആവശ്യപ്പെട്ട് മെക്സിക്കോയും ചിലിയും രംഗത്തെത്തിയിരുന്നു. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലി സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ പരിശോധിക്കുന്നതിനായി ഇരു രാജ്യങ്ങള്‍ക്കും ഐ.സി.സിക്ക് സംഘര്‍ഷത്തെ റഫര്‍ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വംശഹത്യാ കണ്‍വെന്‍ഷന്‍ അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്നായ ബെല്‍ജിയം നിലവില്‍ ഇസ്രഈല്‍ നടത്തുന്ന കുറ്റകൃത്യം തടയാന്‍ ബാധ്യസ്ഥമാണെന്ന് രാജ്യത്തെ 19 പ്രൊഫസര്‍മാര്‍ ചൂണ്ടിക്കാട്ടി. ബെല്‍ജിയം ദക്ഷിണാഫ്രിക്കയുടെ പാത പിന്തുടരണമെന്നും വിഷയത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കണമെന്നും പ്രൊഫസര്‍മാര്‍ ആവശ്യപ്പെട്ടു.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തുന്ന വംശഹത്യ കണ്ട് ആസ്വദിക്കുകയാണ് ചിലരെന്നും ഇറാഖ്, ബോസ്നിയ, സിറിയ, യെമന്‍, മ്യാന്‍മര്‍, സൊമാലിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലോക്കെ സംഭവിച്ചത് തന്നെ ഫലസ്തീനും അനുഭവിക്കുന്നുവെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗന്‍ പറഞ്ഞു.

അന്താരാഷ്ട്ര സുരക്ഷാ ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരെല്ലാം പരാജയപ്പെട്ടിരിക്കുന്നുവെന്നും സിറിയയിലെയും ഇറാഖിലെയും ഭീകരത പൂര്‍ണമായും അവസാനിക്കുന്നത് വരെ തങ്ങള്‍ തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ കണക്കുകള്‍ നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 24,700 ആയി വര്‍ധിച്ചുവെന്നും 61,830 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: US National Security Council Says We Have No Evidence Israel Committed War Crimes