വാഷിങ്ടണ്‍: റോഹിങ്ക്യന്‍ കൂട്ടക്കുരുതിക്ക് മ്യാന്‍മാര്‍ സൈന്യം ഉത്തരവാദികളെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. മ്യാന്‍മറില്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ ലോകജനതയ്ക്ക് കണ്ടിരിക്കാനാകില്ലെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.
സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധം സൂകിയുടെ നേതൃത്വത്തിലുള്ള സിവില്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു. വാഷിങ്ടണിലെ സെന്റര്‍ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ സംസാരിക്കവെയാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ വിമര്‍ശനം.
മ്യാന്‍മറിനെ വളര്‍ന്നു വരുന്ന ജനാധിപത്യരാഷ്ട്രമായാണ് അമേരിക്ക കാണുന്നതെന്നും എന്നാല്‍ റോഹിങ്ക്യന്‍ പ്രതിസന്ധി മ്യാന്‍മറിനെ സംബന്ധിച്ചെടുത്തോളം പരീക്ഷണമാണെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.
അതേ സമയം മ്യാന്‍മാര്‍ സൈനിക നേതാക്കള്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്നും ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.എസ് ജനപ്രതിനിധി സഭയിലെ 43 അംഗങ്ങള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കത്തയച്ചിട്ടുണ്ട്.
നിഷേധാത്മക നിലപാടാണ് മ്യാന്‍മാര്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും മ്യാന്‍മാര്‍ ഗ്രാമങ്ങളില്‍ കുടുങ്ങിപോയവരും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുടെയും സംരക്ഷണം ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ആഗസ്റ്റ് 25ന് മ്യാന്‍മാര്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ അറാകന്‍ സാല്‍വേഷന്‍ ആര്‍മിയുടെ ആക്രമണമുണ്ടായതോടെയാണ് റോഹിങ്ക്യന്‍ ജനതയ്ക്ക് നേരെയുള്ള സൈനികാതിക്രമങ്ങള്‍ രൂക്ഷമായത്. ഒരുമില്ല്യണിനടുത്ത് റോഹിങ്ക്യരാണ് വംശഹത്യയില്‍ നിന്നും രക്ഷപ്പെടാന്‍ മ്യാന്‍മാര്‍ വിട്ടത്.
റോഹിങ്ക്യന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും സൈന്യം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും ഗ്രാമങ്ങള്‍ കൂട്ടത്തോടെ നശിപ്പിച്ചുവെന്നും ആംനസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞിരുന്നു.