റിയാദ്: ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക പുനഃപരിശോധിക്കുന്നതിന് മുന്‍പ് ഗള്‍ഫ് രാഷ്ട്രങ്ങളുമായി ചര്‍ച്ചചെയ്യണമെന്ന് സൗദി അറേബ്യ. അല്ലാത്തപക്ഷം സ്ഥിരതയുള്ള ഒരു കരാറില്‍ എത്താന്‍ സാധിക്കില്ലെന്നും സൗദി പറഞ്ഞു.
ഇറാനുമായുള്ള ആണവ കരാര്‍ പുനഃപരിശോധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് സൗദി പ്രതികരണവുമായി രംഗത്തെത്തിയത്.
2015ല്‍ ഒബാമയുടെ ഭരണകാലത്ത് ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുന്ന കാലത്താണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവകരാറില്‍ ഏര്‍പ്പെടുന്നത്.
ജോയിന്റ് കോപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്ന് വിളിച്ച കരാറില്‍ നിന്ന് 2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇറാന് അമേരിക്ക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.
ജെ.സി.പി.ഒ.എ കരാറിലേക്ക് അമേരിക്ക തിരിച്ചെത്തുന്നത് അമേരിക്കയുടെ യൂറോപ്പിലുള്ള സഖ്യകക്ഷികളെ സന്തോഷിപ്പിക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം നിലവില്‍ അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്കും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും തുടക്കം മുതല്‍ തന്നെ ടെഹ്‌റാനുമായുള്ള കരാറില്‍ ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ഇറാനും അമേരിക്കയും കൂടാതെ യു.കെ, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു ആണവ കരാറില്‍ ഉണ്ടായിരുന്നത്.
ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രീസാദിയുടെ കൊലപാതകം ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും നീരീക്ഷണങ്ങളുണ്ടായിരുന്നു.
ഫക്രീസാദിയുടെ കൊലപാതകത്തിന് പിന്നാലെ ആണവ പദ്ധതികള്‍ക്കുമേല്‍ ഉണ്ടായിരുന്ന അന്താരാഷ്ട്ര മേല്‍നോട്ടം ഒഴിവാക്കികൊണ്ട് ഇറാന്‍ നിയമനിര്‍മ്മാണം നടത്തിയിരുന്നു.