ടെന്നസി: യു.എസിലെ ടെന്നസിയിൽ പൊലീസ് (ഷെരീഫ്) യുവതിയെ നിർബന്ധിച്ചു ഹിജാബ് അഴിപ്പിച്ചതായി പരാതി. ട്രാഫിക് നിയമലംഘനത്തിന് അറസ്റ്റ് ചെയ്ത യുവതിയുടെ മഗ്‌ഷോട്ട് (പൊലീസ് റെക്കോർഡിൽ സൂക്ഷിക്കുന്ന പ്രതികളുടെ ഫോട്ടോ) എടുക്കുന്നതിന് വേണ്ടി ഹിജാബ് അഴിപ്പിച്ചുവെന്നാണ് പരാതി. യുവതി ഷെരീഫിനെതിരെ പരാതി നൽകി.
വാഹനത്തിന്റെ ടെയ്ൽ ലൈറ്റ് തകർന്നത് കണ്ട് സോഫിയയെ തടഞ്ഞ പൊലീസ് സസ്‌പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ച് വാഹമോടിച്ചതിന് 6 വർഷം പഴക്കമുള്ള കേസ് അവരുടെ പേരിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് സോഫിയയെ റുഥർഫോഡ് കൗണ്ടിയിലെ ജയിലിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് മഗ്‌ഷോട്ട് എടുക്കുമ്പോൾ ഹിജാബ് അഴിക്കാനും പറഞ്ഞു.
മതവിശ്വാസത്തിന്റെ ഭാഗമായ ഹിജാബ് അന്യർക്ക് മുമ്പിൽ അഴിക്കാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ അഴിക്കുന്നത് വരെ ജയിലിൽ കഴിയേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും സോഫിയയുടെ പരാതിയിൽ പറയുന്നു.
‘ഞാൻ അമ്പരന്ന് പോയി. ഞാൻ എനിക്ക് അറിയാത്ത ഒരു സ്ഥലത്താണെന്ന് തോന്നി. എനിക്ക് പേടിയായിരുന്നു, ഞാൻ നഗ്നയായത് പോലെ തോന്നി. കാരണം മുസ്‌ലിം സ്ത്രീ എന്ന നിലയിൽ ഹിജാബ് ഞങ്ങൾക്ക് സംരക്ഷണമാണ്,’ സോഫിയ മാധ്യമങ്ങളോട് പറഞ്ഞു.
വിൽസൺ കൗണ്ടിയിലെ ഓഫീസിൽ ആദ്യം കൊണ്ടുപോയപ്പോൾ ഹിജാബ് ധരിച്ചും അല്ലാതെയും ഫോട്ടോ എടുത്തിരുന്നെങ്കിലും ഹിജാബ് ധരിച്ച ഫോട്ടോ മാത്രമേ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കൂ എന്ന് പറഞ്ഞു. അതേസമയം റുഥർഫോഡ് കൗണ്ടിയിലെ ഉദ്യോഗസ്ഥർ ഹിജാബില്ലാത്ത ഫോട്ടോ തന്നെ എടുക്കുമെന്നാണ് പറഞ്ഞതെന്നും സോഫിയ പറഞ്ഞു.
‘എന്നോട് ഒരു ഉദ്യോഗസ്ഥ പറഞ്ഞത് വിരലടയാളവും ഫോട്ടോയും എടുത്താൽ എനിക്ക് പോകാമെന്നായിരുന്നു. ഞാൻ സമ്മതം പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഫോട്ടോ എടുക്കുമ്പോൾ ഹിജാബ് ധരിക്കാൻ കഴിയില്ല എന്നായിരുന്നു,’ സോഫിയ പറഞ്ഞു.
നിർബന്ധിച്ച് ഹിജാബ് അഴിപ്പിച്ചത് മതപരമായ അവകാശങ്ങൾ ഹനിക്കുന്നതാണെന്നും പരാതിയിൽ പറയുന്നുണ്ട്.
മഗ്‌ഷോട്ടുകൾ എടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും ശിരോവസ്ത്രത്തിന് യു.എസിലെ ഓരോ സംസ്ഥാനത്തും വ്യത്യസ്ത നയങ്ങളാണുള്ളത്.
ഇത്തരം കേസുകൾ ഭീമമായ തുകയുടെ സെറ്റിൽമെന്റുകളിലേക്കും ചിലപ്പോൾ നീങ്ങാറുണ്ട്. ന്യൂ യോർക്ക് സിറ്റിയിൽ ഉൾപ്പെടെയുള്ള ചില പൊലീസ് ഡിപ്പാർട്മെന്റുകൾ, മുഖം വ്യക്തമായി കാണുന്ന പക്ഷം മഗ്‌ഷോട്ടുകൾ എടുക്കുന്ന സമയം ഹിജാബ് ധരിക്കുന്നതിന് അനുവദിക്കുന്നു.
2017ൽ കാലിഫോർണിയയിലെ ലോങ് ബീച്ചിൽ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന മുസ്‌ലിം വനിതയുടെ ഹിജാബ് വലിച്ചൂരിയതിന് അവർ നൽകിയ കേസിൽ 85000 ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നിരുന്നു.
Content Highlight: US Muslim woman sues sheriff’s office after being forced to remove hijab