| Sunday, 27th October 2024, 7:12 pm

ലോകത്തെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം; ട്രംപിന് പിന്തുണയുമായി യു.എസിലെ മുസ്‌ലിം നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുസ്‌ലിം നേതാക്കളുടെ പിന്തുണ.

മിഷിഗണില്‍ നടന്ന പ്രചരണ റാലിയില്‍ പങ്കെടുത്ത യു.എസിലെ പ്രമുഖ മുസ്‌ലിം നേതാക്കളാണ് ട്രംപിന് പിന്തുണ അറിയിച്ചത്. ഒക്ടോബര്‍ 20ന് ഹാംട്രാക്ക് മേയര്‍ അമര്‍ ഗാലിബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതാക്കള്‍ ട്രംപിന് അനുകൂലമായി പ്രതികരിച്ചത്.

അടുത്തിടെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിന് ജനപിന്തുണ കുറയുന്നുവെന്ന് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് മുസ്‌ലിം നേതാക്കള്‍ രംഗത്തെത്തുന്നത്.

ശനിയാഴ്ച മിഷിഗണിലെ നോവിയില്‍ നടന്ന പരിപാടിയില്‍ മുസ്‌ലിം നേതാക്കളെ ‘ബഹുമാനപ്പെട്ടവര്‍’ എന്ന് വിശേഷിപ്പിച്ച് ട്രംപ് അഭിസംബോധന ചെയ്യുകയുണ്ടായി. പരിപാടിയുടെ സംഘാടകര്‍ നേതാക്കളെ വേദിയിലെത്തിച്ചതിന് പിന്നാലെ, ഈ നേതാക്കളുടെ അംഗീകാരം സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു.

പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിം നേതാക്കള്‍, ട്രംപ് യുദ്ധമല്ല, സമാധാനം വാഗ്ദാനം ചെയ്യുന്ന നേതാവാണെന്നും പറയുകയുണ്ടായി. മുസ്‌ലിങ്ങള്‍ എന്ന നിലയില്‍ തങ്ങള്‍ ട്രംപിന് ഒപ്പം നില്‍ക്കുന്നുവെന്ന് ഇമാം ബെലാല്‍ അല്‍സുഹൈരി പറഞ്ഞു. ലോകത്ത് നടക്കുന്ന രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കാന്‍ ട്രംപിന് കഴിയുമെന്നും ഇമാം പറയുകയുണ്ടായി.

പശ്ചിമേഷ്യയിലെയും ഉക്രൈനിലെയും യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിം നേതാക്കള്‍ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്. മേയര്‍ സ്ഥാനത്തേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം-അറബ് അമേരിക്കക്കാരനായ ബില്‍ ബാസിയും മിഷിഗണില്‍ നടന്ന ട്രംപിന്റെ പ്രചരണ റാലിയില്‍ പങ്കെടുക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി അറിയിച്ച് മുസ്‌ലിം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് വോട്ട് ചെയ്യരുതെന്നാണ് രാജ്യത്തെ മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടത്.

25 ഓളം കറുത്ത വര്‍ഗക്കാരായ മുസ്‌ലിങ്ങള്‍ കമല ഹാരിസിനെ അനുകൂലിച്ച് പ്രതികരിച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം സംഘടനകള്‍ പ്രസ്താവനയിറക്കിയത്.

ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികളെ അനുകൂലിക്കുന്ന ഒരു പ്രസ്താവനയില്‍ യു.എസിലെ 50 ശതമാനം കറുത്ത മുസ്‌ലിം വിഭാഗം ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖരായ ഇമാമുകളും രാഷ്ട്രീയ നേതാക്കളും ആക്റ്റിവിസ്റ്റുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഇതിനുപിന്നാലെയാണ് കൂടുതല്‍ മുസ്‌ലിം നേതാക്കള്‍ കമല ഹാരിസിനെ തഴഞ്ഞ് ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നത്.

Content Highlight: US Muslim leaders support Trump

We use cookies to give you the best possible experience. Learn more