| Wednesday, 28th February 2024, 12:54 pm

ഹൂത്തികളെ ആക്രമിക്കാന്‍ അനുമതിയില്ല; ജോ ബൈഡനെ പരിഹസിച്ച് അമേരിക്കന്‍ എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഹൂത്തികളെ തിരിച്ചടിക്കാന്‍ അനുമതി നല്‍കാത്തതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ യു.എസ് എം.പിമാര്‍ പരിഹസിച്ചതായി റിപ്പോര്‍ട്ട്.

ഹൂത്തികള്‍ക്കെതിരെ സൈനിക നടപടി അനുവദിക്കുന്ന ഒരു നിയമവും അമേരിക്കയില്‍ നിലവിലില്ലെന്നും സൈനിക ക്യാമ്പയിന്‍ തുടങ്ങുന്നതിന് മുന്നോടിയായി പദ്ധതികള്‍ക്ക് കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കുന്നത് നല്ലതായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫി സെനറ്റ് ഹിയറിംഗില്‍ പറഞ്ഞു.

അതേസമയം ചൊവ്വാഴ്ച നടന്ന ഏറ്റവും പുതിയ വോട്ടെടുപ്പില്‍ 67 ശതമാനം യു.എസ് വോട്ടര്‍മാരും ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആഗ്രഹിക്കുന്നതായി വ്യക്തമാക്കുന്നു. എന്നാല്‍ ഡാറ്റ ഫോര്‍ പ്രോഗ്രസ് പുറത്തുവിട്ട വോട്ടെടുപ്പ് ഫലത്തെ യു.എസ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കിടയില്‍ 77 ശതമാനം ആളുകളും സ്ഥിരമായ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെമോക്രാറ്റുകള്‍ (77 ശതമാനം), സ്വതന്ത്രര്‍ (69 ശതമാനം), റിപ്പബ്ലിക്കന്‍മാര്‍ (56 ശതമാനം) എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ട വെടിനിര്‍ത്തലിനെ പിന്തുണക്കുന്നവരുടെ കണക്കുകള്‍.

അതേസമയം അമേരിക്കയിലെ ഇസ്രഈല്‍ എംബസിക്ക് മുമ്പില്‍ തീകൊളുത്തി മരിച്ച അമേരിക്കന്‍ സൈനികന്‍ ആരോണ്‍ ബുഷ്‌നലിന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് അനുശോചനം അറിയിച്ചു.

സൈനികന്റെ മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പൂര്‍ണ ഉത്തരവാദിയെന്നും ആസൂത്രിത വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന അമേരിക്കയുടെ നയത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയരുന്നു എന്നതിന്റെ തെളിവാണ് നിലവില്‍ കാണുന്നതെന്നും ഹമാസ് പറഞ്ഞു.

അമേരിക്കന്‍ ഭരണകൂടത്തിന്റെയും അതിന്റെ സഖ്യകക്ഷികളുടെയും നയങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയുടെ സംരക്ഷകനെന്ന നിലയില്‍ ആരോണ്‍ ബുഷ്നല്‍ തന്റെ പേര് അനശ്വരമാക്കിയെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: US MPs mocked US President Joe Biden for not allowing Houthis to retaliate

We use cookies to give you the best possible experience. Learn more