| Sunday, 25th February 2018, 6:43 pm

ഉത്തരകൊറിയക്കെതിരെ കടുത്ത ഉപരോധവമായി യു.എസ്; ഉപരോധം പരാജയപ്പെടുന്നത് ലോകത്തിന് തീരെ ശുഭകരമായിരിക്കില്ലെന്ന താക്കീതുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഉത്തരകൊറിയക്കുമേല്‍ കടുത്ത ഉപരോധങ്ങളുമായി അമേരിക്ക. ചൈനയിലേതടക്കമുള്ള ഷിപ്പിംഗ് കമ്പനികള്‍ക്കും കപ്പലുകള്‍ക്കുമെതിരെയാണ് ഉപരോധം. ഐക്യരാഷ്ട്രസഭയുടെ ഉപരോധം ലംഘിച്ച് ഉത്തരകൊറിയ സമുദ്രമാര്‍ഗം നടത്തിവരുന്ന അനധികൃത ഇടപാടുകള്‍ അവസാനിപ്പിക്കാനാണ് പുതിയ ഉപരോധമെന്ന് അമേരിക്ക.

27 കമ്പനികള്‍ക്കും 28 കപ്പലുകള്‍ക്കും ഒരു വ്യക്തിക്കുമെതിരേയാണ് ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ളതെന്ന് യു.എസ്. ട്രഷറി വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ഉപരോധമേര്‍പ്പെടുത്തപ്പെട്ട വ്യക്തി തായ്വാന്‍ പൗരനാണെന്നാണ് സൂചന.

ചൈന, ഹോങ്കോങ്, തായ്വാന്‍, സിങ്കപ്പൂര്‍, മാര്‍ഷല്‍ ദ്വീപുകള്‍, ടാന്‍സാനിയ, പനാമ, കൊമറോസ് എന്നിവിടങ്ങളില്‍നിന്നുള്ള കപ്പലുകള്‍ക്കാണ് ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിലുള്‍പ്പെട്ട കമ്പനികളുടെയും വ്യക്തികളുടെയും അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഉത്തരകൊറിയന്‍ ആണവപദ്ധതികളും മിസൈല്‍പരീക്ഷണങ്ങളും അവസാനിപ്പിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ ഏറ്റവും ശക്തമാണ് ഇപ്പോഴത്തെ ഉപരോധമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഒരു രാജ്യത്തിനെതിരേ ചുമത്തുന്ന ഏറ്റവും ശക്തമായ ഉപരോധമാണിതെന്നും ഉപരോധം പരാജയപ്പെട്ടാല്‍ സമ്മര്‍ദ്ദ നടപടികളുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്നും അത് ലോകത്തിന് തീരെ ശുഭകരമായിരിക്കില്ലെന്നും ട്രംപ് താക്കീത് നല്‍കി.

കടല്‍മാര്‍ഗം കല്‍ക്കരിയും ഇന്ധനവും അനധികൃതമായി ഇറക്കുമതി ചെയ്യുന്ന കൊറിയയ്ക്ക് പുതിയ ഉപരോധം വലിയ തിരിച്ചടിയാവുകയും അന്താരാഷ്ട്ര സമുദ്രപാതകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുകയും ചെയ്യും.

ഉപരോധമേര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ശക്തമായ വിയോജിപ്പാണ് ചൈന രേഖപ്പെടുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more