World News
യു.എസ് സൈനികവിമാനത്തിന് ഇന്ത്യയിലിറങ്ങാന്‍ അനുമതി നല്‍കിയത് ചട്ടപ്രകാരം; ന്യായീകരണവുമായി വിദേശകാര്യ സെക്രട്ടറിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 07, 01:09 pm
Friday, 7th February 2025, 6:39 pm

ന്യൂദല്‍ഹി: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരായ 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അമേരിക്ക അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. 298 പേരുടെ വിവരങ്ങള്‍ യു.എസ് കൈമാറിയെന്നും വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരിച്ചയക്കുന്ന കുടിയേറ്റക്കാരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കുമെന്നും മിസ്രി പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് അമേരിക്കയുടെ നാടുകടത്തല്ലെന്നും വിദേശകാര്യ സെക്രട്ടറി ന്യായീകരിച്ചു.

അമേരിക്കയുടെ സൈനിക വിമാനത്തിന് ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയത് നിലവിലെ ചട്ടപ്രകാരമാണെന്നും വിക്രം മിസ്രി വിശദീകരണം നല്‍കി. നാടുകടത്തല്‍ നടപടി ദേശീയ സുരക്ഷയുടെ ഭാഗമായ ഓപ്പറേഷനാണെന്നാണ് അമേരിക്ക അറിയിച്ചതെന്നും വിക്രം അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും വിക്രം മിസ്രി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 12, 13 ദിവസങ്ങളില്‍ അമേരിക്ക സന്ദര്‍ശിക്കും. അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍ സംബന്ധിച്ച് മോദി ട്രംപുമായി ചര്‍ച്ച നടത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഇന്ത്യക്കാരുടെ കൈകളിലും കാലുകളിലും വിലങ്ങണിയിച്ച് രാജ്യത്തെത്തിച്ച നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രതികരിച്ചിരുന്നു. നാടുകടത്തുന്ന പ്രക്രിയ അമേരിക്കയില്‍ ആദ്യമായല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണെന്നുമാണ് വിദേശകാര്യമന്ത്രി രാജ്യസഭയെ അറിയിച്ചത്.

2009 മുതല്‍ ആളുകളെ തിരിച്ചയക്കുന്നുണ്ടെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും മുന്‍കാലങ്ങളിലും ഇത് തന്നെയായിരുന്നു രീതിയെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.

അമേരിക്ക നാടുകടത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള സൈനിക വിമാനം കഴിഞ്ഞ ദിവസം അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. നാടുകടത്തപ്പെട്ട യാത്രക്കാരില്‍ 25 സ്ത്രീകളും 12 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെട്ടിരുന്നു.

പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും.

കൈകളില്‍ ചങ്ങലയിട്ട് ഇന്ത്യക്കാരെ തിരികെ എത്തിച്ചതില്‍ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്രത്തിനെതിരെ ഉയര്‍ത്തുന്നത്. ഈ വിഷയത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും കേന്ദ്രം സമ്മര്‍ദത്തിലായിരുന്നു.

Content Highlight: US military aircraft allowed to land in India by law; and Foreign Secretary with justification