| Wednesday, 9th March 2022, 10:09 am

വനിതാ ദിനത്തില്‍ സൗദിക്കെതിരെ വിമര്‍ശനവുമായി യു.എസ്, ഐസ്‌ലാന്‍ഡ്, ലക്‌സംബര്‍ഗ്; രാഷ്ട്രീയത്തടവുകാരെയും വനിതാ ആക്ടിവിസ്റ്റുകളെയും കുറിച്ച് പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (UN Human Rights Council- UNHRC) സൗദി അറേബ്യയെ വിമര്‍ശിച്ച് വിവിധ ലോകരാജ്യങ്ങള്‍.

അമേരിക്ക, ലക്‌സംബര്‍ഗ്, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ഭാഗമായി കൗണ്‍സിലില്‍ നടന്ന ഒരു സംവാദത്തിനിടെ സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.

സൗദിയില്‍ ജയിലില്‍ കഴിയുന്നവരുടെയും ജയില്‍ മോചിതരായവരുടെയും അവകാശങ്ങളെക്കുറിച്ചാണ് യു.എസ് ചൂണ്ടിക്കാണിച്ചത്.

ജയില്‍ മോചിതരായിട്ടുള്ള, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്ക് മേല്‍ സൗദി ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാ നിരോധനവും മറ്റ് നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നും യു.എസ് ആവശ്യപ്പെട്ടു.

യു.എന്‍.എച്ച്.ആര്‍.സിയിലെ യു.എസ് അംബാസിഡര്‍ മിഷേല്‍ ടെയ്‌ലര്‍ ആണ് കൗണ്‍സിലില്‍ ഇക്കാര്യം ഉന്നയിച്ചത്.

സൗദിയിലെ രാഷ്ട്രീയത്തടവുകാരെക്കുറിച്ചാണ് യു.എന്‍ അംബാസിഡര്‍ സംസാരിച്ചത്. അതേസമയം ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.

ഐസ്‌ലാന്‍ഡ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളും സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായ സ്വാതന്ത്ര്യവും ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മകളും അടിച്ചമര്‍ത്തപ്പെടുന്നത് സൗദിയില്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണെന്ന് ലക്‌സംബര്‍ഗ് അംബാസിഡര്‍ മാര്‍ക് ബിച്‌ലെര്‍ പ്രസ്താവിച്ചു.

സൗദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റതിന് ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ‘രാജ്യതാല്‍പര്യത്തിന് എതിരുനില്‍ക്കുന്നു’ എന്ന പേരില്‍ ആക്ടിവിസ്റ്റുകളെയും രാജകുടുംബത്തിലെ തന്നെ അംഗങ്ങളെയും അന്യായമായി തടവിലിടുന്ന അവസ്ഥയുണ്ടെന്നും അവര്‍ ആരോപിച്ചു.

അതേസമയം, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണെന്നും അതില്‍ കുറ്റബോധമുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ സൗദി പ്രതിനിധി പറഞ്ഞു.

മനുഷ്യാവകാശങ്ങളെ പിന്തുണച്ചത് കൊണ്ടോ, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിച്ചത് കൊണ്ടോ ആരെയും അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ചെയ്തിട്ടില്ല. ഇത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ മാത്രമാണെന്നും സൗദി പ്രതിനിധി പറഞ്ഞു.

സൗദി സത്രീ ശാക്തീകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Content Highlight: US, Luxembourg, Iceland criticize Saudi Arabia on Women’s day in UN Human Rights Council

We use cookies to give you the best possible experience. Learn more