World News
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യു.എസ് വീണ്ടും പിന്മാറാന്‍ സാധ്യത; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 04, 11:12 am
Tuesday, 4th February 2025, 4:42 pm

വാഷിങ്ടണ്‍: യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും യു.എസ് പിന്മാറാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കൗണ്‍സിലില്‍ നിന്ന് പിന്മാറുന്നതും യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എയ്ക്ക് ധനസഹായം നല്‍കുന്നത് തടയുന്നതുമായ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കുമെന്നാണ് വിവരം.

പൊളിറ്റിക്കോ, എന്‍.പി.ആര്‍ ഉള്‍പ്പെടെയുള്ള യു.എസ് മാധ്യമങ്ങളും ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ്, ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥ കരാറില്‍ നിന്നും യു.എസ് പിന്‍വാങ്ങിയിരുന്നു. ട്രംപിന്റെ ആദ്യ ടേമിലും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യു.എസ് പിന്മാറിയിരുന്നു. 2018ലാണ് യു.എസ് മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പിന്മാറിയത്.

നാല് വര്‍ഷത്തെ കാലാവധിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 47 യു.എന്‍ അംഗരാജ്യങ്ങള്‍ ചേര്‍ന്ന സംഘടനയുടെ ഇസ്രഈലിനെതിരായ വിട്ടുമാറാത്ത പക്ഷപാതം മൂലമാണ് തീരുമാനമെന്നാണ് ട്രംപിന്റെ അന്നത്തെ യു.എന്‍ പ്രതിനിധി നിക്കി ഹാലി പറഞ്ഞത്.

ഇതിനുപിന്നാലെയാണ് രണ്ടാം ടേമിലും സമാനമായ തീരുമാനം ട്രംപ് എടുക്കുന്നത്. എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിടുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചതായി തിങ്കളാഴ്ച വൈറ്റ് ഹൗസിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിരുന്നു.

2024 ഒക്ടോബറില്‍, രാജ്യത്തെ അനര്‍വയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇസ്രഈല്‍ നെസറ്റ് രണ്ട് നിയമങ്ങള്‍ പാസാക്കിയിരുന്നു. 2025 ജനുവരി 30നകം അധിനിവേശ കിഴക്കന്‍ ജറുസലേമിലെ സംഘടനയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്ന് ഇസ്രഈല്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അനര്‍വയ്ക്കുള്ള ധനസഹായവും യു.എസ് നിര്‍ത്തലാക്കുന്നത്. നേരത്തെ ഉക്രൈന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും ട്രംപ് നിര്‍ത്തലാക്കിയിരുന്നു. യു.എസില്‍ ഇനിമുതല്‍ രണ്ട് ജെന്‍ഡറുകള്‍ മാത്രം മാത്രിയെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജന്മാവകാശ പൗരത്വം നിരോധിക്കുമെന്നും ട്രംപ് തീരുമാനിച്ചിരുന്നു.

ട്രംപിന്റെ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, പിതാവ് യു.എസ് പൗരനോ രാജ്യത്തെ നിയമാനുസൃത സ്ഥിര താമസക്കാരനോ അല്ലെങ്കില്‍ യു.എസില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ അമേരിക്കന്‍ പൗരനായി അംഗീകരിക്കില്ല. കുട്ടിയുടെ അമ്മ നിയമവിരുദ്ധമായാണ് രാജ്യത്ത് തുടരുന്നതെങ്കിലും വിദ്യാര്‍ത്ഥിയോ ടൂറിസ്റ്റോ ആണെങ്കിലും കുട്ടിക്ക് പൗരത്വം നഷ്ടപ്പെടും.

കൂടാതെ എച്ച്.ഐ.വി, മലേറിയ, ക്ഷയം എന്നീ രോഗങ്ങള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാനും ട്രംപ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സൈന്യം, തപാല്‍, ഇമിഗ്രേഷന്‍, ദേശീയ സുരക്ഷാ വകുപ്പുകള്‍ എന്നിവയൊഴികെ മറ്റ് വകുപ്പുകളിലായി പ്രവര്‍ത്തിക്കുന്ന രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാരെ വെട്ടിച്ചുരുക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്.

Content Highlight: US likely to withdraw from UN Human Rights Council again; Report