World News
വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധം പിന്‍വലിച്ച് യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 08:04 am
Saturday, 25th January 2025, 1:34 pm

വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധം പിന്‍വലിച്ച് യു.എസ്. അമാന സെറ്റില്‍മെന്റ് മൂവ്‌മെന്റ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കെതിരായ ഉപരോധമാണ് യു.എസ് പിന്‍വലിച്ചത്.

ഉപരോധം ഏര്‍പ്പെടുത്തികൊണ്ടുള്ള ബൈഡന്‍ സര്‍ക്കാരിന്റെ നയം തിരുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം. ഔദ്യോഗികമായി ഉപരോധം പൂര്‍ണമായും പിന്‍വലിച്ചതായി യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ച എക്‌സിക്യൂട്ടീവിന് ഉത്തരവ് കീഴിലുള്ള എല്ലാ ഉപരോധങ്ങളും പിന്‍വലിച്ചതായി ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ പറഞ്ഞു.

14,115 വ്യക്തികള്‍ക്കെതിരെയാണ് ബൈഡന്റെ ഉത്തരവ് പ്രകാരം യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലി സൈന്യത്തോടൊപ്പം നിലയുറച്ചും അല്ലാതെയും കുടിയേറ്റക്കാര്‍ അക്രമം അഴിച്ചുവിടുന്നത് തടയാനാണ് ബൈഡന്‍ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതോടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ ബൈഡന്‍ നടപടിയെടുത്തത്.

ഒരു ഫലസ്തീന്‍ പൗരനെ കൊലപ്പെടുത്തുകയും വെസ്റ്റ് ബാങ്ക് നിവാസികളുടെ കാറുകള്‍ക്ക് തീയിടുകയും ചെയ്ത സംഭവത്തില്‍ നാല് ഇസ്രഈലി കുടിയേറ്റക്കാരെ യു.എസ് പ്രത്യേകമായി ചോദ്യം ചെയ്യുമെന്നും അറിയിച്ചിരുന്നു.

വെസ്റ്റ് ബാങ്കില്‍ അതിക്രമം നടത്തുന്ന ഇസ്രഈല്‍ കുടിയേറ്റക്കാര്‍ക്ക് അമേരിക്കയിലുള്ള എല്ലാ വിധത്തിലുള്ള സ്വത്തുക്കളും താത്പര്യങ്ങളും ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തടസപ്പെട്ടിരുന്നു. കൂടാതെ അംഗീകരിക്കപ്പെട്ട വ്യക്തികള്‍ക്ക് സംഭാവന നല്‍കുന്നതിലും ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകളുടെ കൈമാറ്റവും നിയന്ത്രിക്കപ്പെട്ടിരുന്നു. കൂടാതെ വിസാ നിയന്ത്രണങ്ങളും യു.എസ് ഏര്‍പ്പെടുത്തിയിരുന്നു.

ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ കാനഡയും യു.കെയും സമാനമായ നടപടി സ്വീകരിച്ചിരുന്നു. പ്രത്യേകമായി തയ്യാറാക്കിയ സാമ്പത്തിക നിമയപ്രകാരമാണ് ഇസ്രഈലികള്‍ക്കെതിരെ കാനഡ ഉപരോധം ഏര്‍പ്പെടുത്തിയത്.

വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റക്കാരുടെ സംഘടനകളെയും ഔട്ട്പോസ്റ്റുകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് യു.കെ. ചെയ്തത്. വെസ്റ്റ് ബാങ്കിലെ മൂന്ന് ഔട്ട്പോസ്റ്റുകളെയാണ് യു.കെ കരിമ്പട്ടികയില്‍ ചേര്‍ത്തത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ സ്ഥാപിതമായ 146 വലിയ സെറ്റില്‍മെന്റുകളിലും 144 ചെറിയ ഔട്ട്‌പോസ്റ്റുകളിലുമായി ഏകദേശം അര ദശലക്ഷം ഇസ്രഈലികളാണ് താമസിക്കുന്നത്.

സൈന്യത്തോടപ്പം അണിനിരന്ന് ഇസ്രഈലി കുടിയേറ്റക്കാര്‍ ഫലസ്തീനികളെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെയും തദ്ദേശീയരുടെ കൃഷിയിടങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നതിന്റെയും തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Content Highlight: US lifts sanctions against illegal immigrants in West Bank