| Tuesday, 16th February 2021, 8:01 am

പ്രതിഷേധങ്ങള്‍ നിയമവിരുദ്ധമായി മോദി അടിച്ചമര്‍ത്തുകയാണ്; കര്‍ഷകരെ പിന്തുണക്കാന്‍ ബൈഡന് കത്തയച്ച് യു.എസ് അഭിഭാഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കര്‍ഷക സമരത്തെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ച് യു.എസ് അഭിഭാഷകര്‍. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം അഭിഭാഷകരാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് തുറന്ന കത്തെഴുതിയത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി, യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷുമര്‍, വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഗ്രിഗറി വീല്‍ഡന്‍, തുടങ്ങിയവര്‍ക്കും അഭിഭാഷകര്‍ കത്തയച്ചിട്ടുണ്ട്.

രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തിന്റെ വ്യാപ്തിയും അതിനെ അടിച്ചമര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചും കത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തെ അക്രമം സെന്‍സര്‍ഷിപ്പ്, അനാവശ്യ അറസ്റ്റ് തുടങ്ങിയവയിലൂടെ നിയമവിരുദ്ധമായി മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.

തൊഴിലാളി പ്രവര്‍ത്തക നൗദീപ് കൗര്‍, അറസ്റ്റ് ചെയ്ത കര്‍ഷകന്‍ നവ്‌റീത് സിംഗ്, കര്‍ഷകരെ ചികിത്സിക്കുമ്പോള്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന ഡോക്ടര്‍ സ്വാമിമാന്‍ സിംഗ് തുടങ്ങിയവരുടെ കാര്യങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

കൂട്ടമായി ആളുകളെ അറസ്റ്റ് ചെയ്യുന്നതിന് പുറമേ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് റദ്ദ് ചെയ്തും, മാധ്യമപ്രവര്‍ത്തകരെ വിലക്കിയും കേന്ദ്രം സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പരാമര്‍ശമുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന സമരം രണ്ട് മാസം പിന്നിടുമ്പോഴാണ് യു.എസ് അഭിഭാഷകര്‍ സമരത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന് കത്തയച്ചിരിക്കുന്നത്.

നേരത്തെ കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി പോപ് ഗായിക റിഹാന, യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്, സാമൂഹ്യ പ്രവര്‍ത്തക മീന ഹാരിസ് തുടങ്ങിയവര്‍ നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി അറസ്റ്റിലായതിന് പിന്നാലെയാണ് അഭിഭാഷകരുടെ കത്തും ചര്‍ച്ചയാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US Lawyers Write to President Biden on Farmers’ Protests, Modi Govt’s Repressive Tactics

We use cookies to give you the best possible experience. Learn more