പ്രിയപ്പെട്ട പ്രസിഡന്റ് ബൈഡന്‍,
അമേരിക്കയില്‍ ജീവിക്കുന്ന ദക്ഷിണേഷ്യന്‍ വംശജരായ സിവില്‍ – മനുഷ്യാവകാശ അഭിഭാഷകരാണ് ഞങ്ങള്‍. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് നേരെ നടക്കുന്ന നിയമവിരുദ്ധ നടപടികളിലും അക്രമങ്ങളിലുമുള്ള ഞങ്ങളുടെ കനത്ത ആശങ്ക പ്രകടിപ്പിക്കുന്നതിനും പ്രതിഷേധക്കാരുടെ ഭരണഘടനാവകാശങ്ങളെ കുറിച്ച് നിങ്ങള്‍ ഇന്ത്യയെ ഓര്‍മ്മപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതിനും വേണ്ടിയാണ് ഈ കത്തെഴുതുന്നത്.
2020 നവംബര്‍ മുതല്‍ ഇന്ത്യയിലെമ്പാടുമുള്ള കര്‍ഷകര്‍ സമരത്തിലാണ്. അവരുടെ ജീവിതോപാധിയെ ബാധിക്കുന്ന, കാര്‍ഷിക പാരമ്പര്യങ്ങളിലും സമൂഹ്യഘടനയിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന, നിയമപരമായ പരിഹാരങ്ങള്‍ വെട്ടിക്കുറക്കുന്ന, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെ വരെ തകര്‍ക്കുന്ന നിയമങ്ങള്‍ക്കെതിരെയാണ് ഈ കര്‍ഷകര്‍ സമരം ചെയ്യുന്നത്. ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയും കര്‍ഷകരടക്കം ഈ നിയമം നേരിട്ടുബാധിക്കുന്ന ആരുടെയും അഭിപ്രായം ചോദിക്കാതെയും ഏറെ തിരക്കുപിടിച്ചാണ് മഹാമാരിക്കാലത്ത് ഈ നിയമങ്ങള്‍ നടപ്പിലാക്കിയത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഈ നിയമങ്ങള്‍ ഇത്തരത്തില്‍ നടപ്പില്‍ വരുത്തിയത്.
നീതിരഹിതവും ജനാധിപത്യവിരുദ്ധവുമായ ഈ നടപടിയെ തുടര്‍ന്നാണ് രാജ്യവ്യാപകമായി ഇന്ത്യയില്‍ സമരം ആരംഭിച്ചത്. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധപ്രകടനമായി സമരങ്ങള്‍ മാറിക്കഴിഞ്ഞു. വ്യത്യസ്തമായ മതങ്ങളിലും പ്രദേശങ്ങളിലും വിഭാഗങ്ങളിലും പെട്ട ലക്ഷകണക്കിന് പേരാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുന്നത്. കര്‍ഷകരും തൊഴിലാളി യൂണിയനുകളും പൗരസമൂഹവുമടക്കം വിശാലമായ ഒരു സഖ്യമാണ് ഈ പ്രതിഷേധത്തില്‍ അണിനിരക്കുന്നത്. ഓരോ ദിവസവും സമരം കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിച്ചുവരികയാണ്.
സമാധാനപരമായി നീങ്ങുന്ന പ്രതിഷേധങ്ങളോട് നിയമവിരുദ്ധമായ അറസ്റ്റുകളും സെന്‍സര്‍ഷിപ്പും അക്രമങ്ങളും കൊണ്ടാണ് മോദി സര്‍ക്കാരും സുരക്ഷാസേനകളും പ്രതികരിച്ചത്. നിങ്ങളുടെ സര്‍ക്കാരിനോടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും മാധ്യമസ്ഥാപനങ്ങളോടും ബിസിനസ് ഗ്രൂപ്പുകളോടും പൗരപ്രമുഖരോടും മതനേതാക്കളോടും ഈ നടപടികളെ അപലപിക്കണമെന്നും കര്‍ഷകരെയും അവരുടെ ആവശ്യങ്ങളെയും പിന്തുണക്കണമെന്നും ആവശ്യപ്പെടുകയാണ്.
വര്‍ധിക്കുന്ന സര്‍ക്കാര്‍ അതിക്രമങ്ങളും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുള്ള സാധ്യതയും
കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാസേന പ്രതിഷേധക്കാരെ ആക്രമിച്ചു, മറ്റുള്ളവര്‍ പ്രതിഷേധക്കാരെ ആക്രമിക്കുമ്പോള്‍ നോക്കിനിന്നെന്ന് മാത്രമല്ല അതിക്രമത്തിന് ഇരയായവരെ സംരക്ഷിക്കുകയും ചെയ്തില്ല.
ജനുവരി 12ന് ദളിത് തൊഴിലാളി അവകാശ പ്രവര്‍ത്തകയായ നൊദീപ് കൗറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായ സംഘംചേരല്‍, കവര്‍ച്ച, വധശ്രമം എന്നീ കുറ്റങ്ങളാരോപിച്ചാണ് നൊദീപ് കൗറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന്റെ അടുത്ത ദിവസം സഹോദരി നൊദീപിനെ സന്ദര്‍ശിച്ചിരുന്നു. പൊലീസുകാര്‍ തന്നെ ക്രൂരമായി തല്ലിച്ചതച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും നൊദീപ് സഹോദരിയോട് വെളിപ്പെടുത്തി. അവരുടെ കുടുംബം മെഡിക്കല്‍ പരിശോധനക്കായി ആവശ്യപ്പെട്ടെങ്കിലും തുടര്‍നടപടികളെ കുറിച്ച് വിവരമൊന്നുമില്ല. നൊദീപ് ഇപ്പോഴും തടവില്‍ തുടരുകയാണ്.
ജനുവരി 26ന്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവ കര്‍ഷകന്‍ നവ്‌റീത് സിംഗിനെ പൊലീസ് വെടിവെച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലീസ് വെടിവെപ്പിന് തൊട്ടുപിന്നാലെയാണ് നവ്‌റീതിന്റെ ട്രാക്ടര്‍ മറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. വെടിയേറ്റാണ് നവ്‌റീത് കൊല്ലപ്പെട്ടതെന്നാണ് കുടുംബാംഗങ്ങളും നിരവധി മെഡിക്കല്‍ വിദഗ്ധരും വിശ്വസിക്കുന്നത്.
അതേ ദിവസം തന്നെ, ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കി വന്നിരുന്ന യു.എസ് പൗരന്‍ ഡോ.സ്വയ്മാന്‍ സിംഗിന് നേരെയും ആക്രമണം നടന്നിരുന്നു. കൂടാതെ ഉദ്യോഗസ്ഥര്‍ ഡോ.സ്വയ്മാന്റെ സംഘത്തിലെ മൂന്ന് പേരുടെ കൈ തല്ലിയൊടിക്കുകയും പലര്‍ക്കും ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
അന്നു തന്നെ നടന്ന മറ്റൊരു സംഭവത്തില്‍ സര്‍ക്കാര്‍ അനുകൂലികളായ ഒരു സംഘം സിംഗുവിലെ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് അതിക്രമിച്ചു കയറി, കല്ലേറ് നടത്തി, ടെന്റുകള്‍ നശിപ്പിച്ചു. നടപടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നതെങ്കിലും അവര്‍ അക്രമിക്കാന്‍ വന്നവരെയല്ല കര്‍ഷകരെയാണ് ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഇതിന് പിന്നാലെ പ്രതിഷേധസ്ഥലങ്ങള്‍ക്ക് ചുറ്റും വലിയ തോതില്‍ വിന്യസിച്ച പൊലീസും പട്ടാളവും അര്‍ധസൈനികരും ചേര്‍ന്ന് കൂറ്റന്‍ കമ്പിവേലികള്‍ കെട്ടിയുയര്‍ത്തി. ഗുരുതര പരിക്കുകളുണ്ടാക്കാന്‍ സാധിക്കും വിധമായിരുന്നു ഇവ പണിതുയര്‍ത്തിയത്.
എന്തു ചെയ്താലും ഒന്നും സംഭവിക്കില്ലെന്ന ബോധ്യമുള്ളതിനാല്‍ പൊലീസ് ഈ നടപടികള്‍ കാലങ്ങളായി നിര്‍ബാധം തുടരുകയാണ്. ദല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ സര്‍ക്കാര്‍ പിന്തുണയുണ്ടായിരുന്ന അക്രമാസക്തരായ ആ ആള്‍ക്കൂട്ടം ആയിരക്കണക്കിന് സിഖുകാരെ കൊന്നൊടുക്കിയത്. ദശാബ്ദങ്ങളായി പഞ്ചാബിലും കശ്മീരിലും സുരക്ഷാസേനകള്‍ അതിക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
ഇപ്പോള്‍ ദല്‍ഹിയില്‍ ഒത്തുചേര്‍ന്നിരിക്കുന്ന പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരില്‍ ഭൂരിഭാഗവും സിഖുകാരാണ്. അതുകൊണ്ടു തന്നെ ഇവര്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അതേസമയം കൂടുതല്‍ സേനയെ വിന്യസിപ്പിക്കാനുള്ള തീരുമാനത്തില്‍ തന്നെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍.
കൂട്ട അറസ്റ്റുകള്‍, ശിക്ഷകള്‍, തീവ്രവാദ നിരോധന നിയമം ഉപയോഗിച്ചുള്ള വേട്ടയാടല്‍
നൂറു കണക്കിന് പ്രതിഷേധക്കാരെയാണ് കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും മാധ്യമ സ്ഥാപനങ്ങളും പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഫെബ്രുവരി നാലിന് മാത്രം 200 പേരാണ് അറസ്റ്റിലായത്. ഇവരില്‍ പലരും എവിടെയാണെന്ന് പോലും ഇപ്പോള്‍ ആര്‍ക്കുമറിയില്ല.
കര്‍ഷക നേതാക്കള്‍, യൂണിയന്‍ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, കര്‍ഷകര്‍ക്ക് സൗജന്യ ഭക്ഷണവും മറ്റു സഹായങ്ങളും ചെയ്യുന്നവര്‍ തുടങ്ങി നിരവധി പേര്‍ക്ക് ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ സേനയായ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) സമന്‍സ് അയച്ചിട്ടുണ്ട്.
‘രാജ്യദ്രോഹപരമായ’ സോഷ്യല്‍ മീഡിയ പോസ്റ്റുകളിടുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. പ്രതിഷേധത്തെ പിന്തുണക്കുകയോ പങ്കെടുക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ ജോലിയുണ്ടാവില്ലെന്നായിരുന്നു ബീഹാര്‍ പൊലീസിന്റെ ഭീഷണി. ഈ രണ്ടു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ മോദിയുടെ വിശ്വസ്തരാണ്.
തങ്ങള്‍ നടത്തുന്ന ഏത് അടിച്ചമര്‍ത്തല്‍ നടപടികളെയും ന്യായീകരിക്കാനായി ‘തീവ്രവാദ വിരുദ്ധം’ ‘രാജ്യ സുരക്ഷ’ എന്നീ വാക്കുകള്‍ ദീര്‍ഘനാളായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 144ാം വകുപ്പ് (അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നതിന് വിലക്ക്), ദേശീയ സുരക്ഷാ നിയമം(രാജ്യസുരക്ഷയുടെ പേരില്‍ ആരെയും ഒരു വര്‍ഷത്തോളം തടങ്കലില്‍ വെക്കാം) എന്നീ ക്രൂരനിയമങ്ങള്‍ നടപ്പില്‍ വരുത്തുകയാണ്. ദീര്‍ഘനാളത്തേക്കുള്ള അല്ലെങ്കില്‍ എപ്പോള്‍ തീരുമെന്ന് പോലും അറിയാത്ത ഈ തടവുകളെ ഏറെ പേര്‍ ഇന്ന് ഭയക്കുന്നു.
ഇത് അടിസ്ഥാനമില്ലാത്ത ഭയമല്ല. ഉദാഹരണത്തിന്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ യു.എ.പി.എ ചുമത്തപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി തടവിലാണ്. തുടര്‍ച്ചയായി ഇവര്‍ക്ക് ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തു. ദല്‍ഹിയിലെ മുസ്‌ലിം വിരുദ്ധ കലാപത്തെ കുറിച്ച് കള്ളമൊഴി നല്‍കാനും മനുഷ്യാവകാശ പ്രവര്‍ത്തകരെ കുടുക്കാനും അറസ്റ്റിലായവരെ പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അധികൃതര്‍ കര്‍ഷകര്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ ഇല്ലാത്ത തെളിവുകള്‍ കെട്ടിച്ചമക്കാനും സാധ്യതയുണ്ട്.
ഇന്റര്‍നെറ്റ് നിരോധനം, മാധ്യമപ്രവര്‍ത്തകരെ വേട്ടയാടല്‍, സെന്‍സര്‍ഷിപ്പ്
ഇക്കഴിഞ്ഞ ആഴ്ചകളിലായി നിരവധി തവണയാണ് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഇന്റര്‍നെറ്റും മൊബൈല്‍ സര്‍വീസും സര്‍ക്കാര്‍ നിരോധിച്ചത്. ചില സ്ഥലങ്ങളില്‍ ഇപ്പോഴും ഈ നിരോധനം തുടരുകയാണ്. നിരോധനം പിന്‍വലിച്ച പലയിടങ്ങളിലും വീണ്ടും ഏര്‍പ്പെടുത്തുമെന്നാണ് സൂചനകള്‍. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് നിരോധനത്തില്‍ ഏറെ മുന്നിലാണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം.
പൊലീസ് വെടിവെപ്പിലാണ് നവ്‌റീത് സിംഗ് കൊല്ലപ്പെട്ടതെന്ന് സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനും പൊലീസ് അക്രമങ്ങള്‍ ഡോക്യുമെന്റ് ചെയ്തതിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ദി കാരവാന്റ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ്, ദ വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ഇന്ത്യയില്‍ ഒരു ദേശീയ പത്രത്തിന്റെ ആദ്യ വനിത എഡിറ്ററും എഴുപത്തഞ്ചുകാരിയുമായ മൃണാള്‍ പാണ്ഡേ, പ്രമുഖ ടെലിവിഷന്‍ അവതാകരകന്‍ രജ്ദീപ് സര്‍ദേശായി എന്നിവര്‍ക്കെതിരെ കേസെടുത്തു.
സിംഗുവിലെ പ്രതിഷേധക്കാര്‍ക്കു നേരെ നടന്ന ആള്‍ക്കൂട്ടാക്രമണത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ മന്ദീപ് പൂനിയയെ ജനുവരി 30ന് പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം തടവിലിട്ട അദ്ദേഹത്തെ വിവസ്ത്രനാക്കി തല്ലിച്ചതച്ചു. ഇനിയൊരിക്കലും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കി.
കര്‍ഷക പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ റദ്ദ് ചെയ്യാന്‍ ഇന്ത്യ ട്വിറ്ററിനോട് ഉത്തരവിട്ടു. തങ്ങളുടെ ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിയമനടപടികളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ദ കാരവാന്റേതടക്കം നിരവധി അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അനുസൃതമായ കണ്ടന്റുകളെ ഈ അക്കൗണ്ടുകളിലുള്ളുവെന്ന് സര്‍ക്കാരിന് മറുപടി നല്‍കിയ ട്വിറ്റര്‍ വൈകാതെ ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തു.
ഏത് തരം വിമര്‍ശനം നടത്തിയാലും തടവോ അതിലും വലുതോ സഹിക്കേണ്ടി വരുമെന്ന ഒരു പേടി ഇന്ന് ഇന്ത്യയില്‍ പൊതുവേയുണ്ട്. മുപ്പതുകാരനായ മുസ്‌ലിം സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയെ ‘തമാശ’പറയുന്നതിന് മുന്‍പേ പൊലീസ് അറസ്റ്റ് ചെയ്തു, മുനാവറിന്റെ വാക്കുകള്‍ ‘ഹിന്ദുവികാരത്തെ വൃണപ്പെടുത്തിയേക്കാം’ എന്ന ഹിന്ദുത്വ ദേശീയവാദികളുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു ഈ അറസ്റ്റ്. എഡ്‌വിന്‍ ആന്റണി, പ്രഗര്‍ വ്യാസ്, പ്രയിം വ്യാസ്, നളിന്‍ യാദവ്, സദാക്കത്ത് ഖാന്‍ എന്നീ അഞ്ച് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിദ്വേഷവും മുന്‍വിധിയും
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വലിയ ആപത്ത് നേരിടുന്ന ഘട്ടത്തിലാണ് നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം കുടിയേറ്റക്കാര്‍ക്കെതിരെ തുറന്ന വിവേചനം നടപ്പാക്കുന്നതായിരുന്നു ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം. ദേശീയ പൗരത്വ രജിസ്റ്ററാണെങ്കില്‍ നിര്‍ബന്ധിത കുടിയൊഴിക്കലിനും ആയിരക്കണക്കിന് പേരെ രാജ്യമില്ലാ പൗരന്മാരാക്കി തീര്‍ക്കുന്നതിനും വഴിവെക്കുന്നതായിരുന്നു. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വയംഭരണവകാശം എടുത്തുകളഞ്ഞുകൊണ്ട് ജമ്മു കശ്മീരിലെ ജനങ്ങളോട് കടുത്ത അവകാശലംഘനമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്തത്.
ഈ വിശാല അജണ്ടയുടെ ഭാഗം തന്നെയാണ് ഇപ്പോഴത്തെ കാര്‍ഷിക നിയമങ്ങളും കര്‍ഷകരെയും അവരുടെ ദുരിതങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നവരെയും പിന്തുണക്കുന്നവരെയും വേട്ടയാടുന്നതുമെല്ലാം. ഈ നിയമങ്ങള്‍ നടപ്പിലായാല്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കാന്‍ പോകുന്ന സംസ്ഥാനമായ പഞ്ചാബിലെ സിഖ് കര്‍ഷകരെ തീവ്രവാദികളും വിഘടനവാദികളുമായി ചിത്രീകരിക്കുകയാണ്.
ശിക്ഷാനടപടികളില്‍ നിന്നുള്ള സമ്പൂര്‍ണ്ണ പരിരക്ഷ, ആധിപത്യ പ്രത്യയശാസ്ത്രമായ ഹിന്ദുത്വ ദേശീയവാദം, ജനാധിപത്യ സ്ഥാപനങ്ങളുടെ പരാജയം എന്നിവയില്‍ നിന്നുമാണ് ഈ പുതിയ നിയമങ്ങളും നയങ്ങളും രീതികളുമെല്ലാം രൂപം കൊള്ളുന്നത്.
ഹിന്ദുക്കള്‍ക്ക് എല്ലാവരേക്കാളും ഉയര്‍ന്ന സ്ഥാനം ലഭിക്കുന്ന, ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിങ്ങളും ദളിതരും, രണ്ടാംകിട പൗരന്മാരാകുന്ന ഹിന്ദു രാഷ്ട്രത്തിന് രൂപം കൊടുക്കാനാണ് ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും ആഗ്രഹിക്കുന്നത്. ഹിന്ദുത്വ ദേശീയവാദത്തിന്റെ നീണ്ട കരങ്ങള്‍ അമേരിക്കയിലും എത്തിക്കഴിഞ്ഞു. പാഠപുസ്തകങ്ങളിലെ ഹിന്ദൂയിസത്തെ കുറിച്ചുള്ള ഭാഗങ്ങളില്‍ മാറ്റം വരുത്തുന്നതും സര്‍വകലാശാലകളിലേക്കുള്ള സംഭാവനകളും തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്നതും കര്‍ഷകരെ പിന്തുണക്കുന്ന ആക്ടിവിസ്റ്റുകളെയും ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനെയും മോശക്കാരായി ചിത്രീകരിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.
നടപടിയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
ഇന്ത്യയില്‍ നടക്കുന്ന ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ കൂടി ലംഘനമാണ്. ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, നിയമവിരുദ്ധ അറസ്റ്റില്‍ നിന്നും തടവില്‍ നിന്നുമുള്ള സംരക്ഷണം, സമാധാനപരമായി ഒത്തുച്ചേരല്‍, അഭിപ്രായസ്വാതന്ത്ര്യം എന്നീ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കാനുള്ള സാധ്യതയാണ് ഞങ്ങള്‍ മുന്നില്‍ കാണുന്നത്. അതുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.
പ്രതിഷേധക്കാര്‍ക്കെതിരെ സേനയെ ഉപയോഗിക്കുന്നതിനെ അപലപിക്കുകയും ജീവനും സ്വാതന്ത്ര്യത്തിനും സമാധാനപരമായ കൂടിച്ചേരലുകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുടെ പ്രാധാന്യം ഉറപ്പിച്ചു പറയുകയും ചെയ്യുക
നൊദീപ് കൗറടക്കം അറസ്റ്റിലായ എല്ലാ പ്രതിഷേധക്കാരെയും മാധ്യമപ്രവര്‍ത്തകരെയും എത്രയും വേഗം വിട്ടയക്കുക. അവര്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കുക
ടെലി കമ്യൂണിക്കേഷന്‍സും ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളുമടക്കമുള്ള സൗകര്യങ്ങള്‍ പുനസ്ഥാപിക്കുകയും സ്വതന്ത്ര്യമായി ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്യുക
രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളെ അപലപിക്കുക
സഖ്യരാജ്യങ്ങളുമായും ഐക്യരാഷ്ട്ര സംഘടനയിലും മറ്റു അന്താരാഷ്ട്ര തലങ്ങളിലും ഈ വിഷയം ഉയര്‍ത്തുക
ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ നിരീക്ഷിക്കാന്‍ അന്താരാഷ്ട്ര പ്രതിനിധികളെ നിയമിക്കണമെന്ന് ആവശ്യപ്പെടുക
കര്‍ഷക പ്രതിഷേധത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക
ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഗൗരവമായി നിരീക്ഷിക്കുന്നത് തുടരുക
എല്ലാ ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സിവില്‍-മനുഷ്യാവകാശ അഭിഭാഷകരെന്ന നിലയില്‍, ഇന്ത്യ, മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് അരികുവത്കരണത്തിന്റെയും പുറത്താക്കലിന്റെയും വിവേചനത്തിന്റെയും അക്രമത്തിന്റെയും പാതയില്‍ തുടരുന്നിടത്തോളം കാലം ഞങ്ങളും നിശബ്ദരായിരിക്കില്ല. ജീവിക്കാനുള്ള വേതനത്തിനായി സമാധാനപരമായ പ്രതിഷേധം നയിക്കുന്ന അതിന്റെ പേരില്‍ നിയമവിരുദ്ധ അറസ്റ്റിനും അക്രമത്തിനും വിധേയരാകേണ്ടി വരുന്ന കര്‍ഷകര്‍ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുന്നവരും ജയില്‍ വക്കീലന്മാരും ഭരണഘടനയെ സംരക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങുന്നവരുമായ ഇന്ത്യയിലെ അഭിഭാഷകര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ സര്‍ക്കാരിനോടും മനസാക്ഷിയുള്ള എല്ലാവരോടും ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.