ന്യൂയോര്‍ക്ക്: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയിലെ കോടതി സംവിധാനത്തില്‍ കൃത്രിമത്വം കാണിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി അഭിഭാഷകന്‍.
കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗ്ജിയുടെ പ്രത്രിശ്രുത വധുവായിരുന്ന എഴുത്തുകാരി ഹാതിസ് സെന്‍ഗിസിന്റെ (Hatice Cengiz)അഭിഭാഷകന്‍ കീത് ഹാര്‍പര്‍ (Keith Harper) ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച 10 പേജ് ലീഗല്‍ ഫയലിങ്ങും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഖഷോഗ്ജി വധക്കേസില്‍ നിന്ന് സൗദി അറേബ്യയുടെ കിരീടാവകാശിയും നിയുക്ത പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് നിയമപ്രതിരോധം (sovereign immunity) നല്‍കാമെന്ന ജോ ബൈഡന്‍ സര്‍ക്കാരിന്റെ നിലപാടിന് പിന്നാലെയാണ് കോടതി സംവിധാനങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ എം.ബി.എസ് ശ്രമിച്ചതെന്നാണ് ഇപ്പോള്‍ കീത് ഹാര്‍പര്‍ ആരോപിക്കുന്നത്.
സൗദിയുടെ രാജാവല്ലാതിരിക്കെ എം.ബി.എസിനെ പ്രധാനമന്ത്രിയായി നിയമിച്ചത് അസാധാരണമായ നടപടിയാണെന്നും അതിനാല്‍ കേസില്‍ നയതന്ത്ര പരിരക്ഷ ലഭിക്കാന്‍ അദ്ദേഹം അര്‍ഹനല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഡെമോക്രസി ഫോര്‍ ദ അറബ് വേള്‍ഡ് നൗ (Democracy for the Arab World Now- DAWN) എന്ന സംഘടനയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ കൂടിയാണ് കീത് ഹാര്‍പര്‍.
ഹാതിസ് സെന്‍ഗിസാണ് നിലവില്‍ ഖഷോഗ്ജി വധക്കേസ് യു.എസില്‍ നടത്തികൊണ്ടിരിക്കുന്നത്. അതേസമയം കേസ് അവസാനിച്ചുവെന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച എം.ബി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.
ഖഷോഗ്ജി വധക്കേസില്‍ നിന്ന് രാഷ്ട്രത്തലവനെന്ന നിലയില്‍ എം.ബി.എസിന് നിയമപരമായ പ്രതിരോധം നല്‍കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് അഭിപ്രായം പറയണമെന്ന് യു.എസില്‍ ഈ കേസ് നടന്നുകൊണ്ടിരിക്കുന്ന ജില്ലാ കോടതി, ജോ ബൈഡന്‍ സര്‍ക്കാരിനോട് ഇക്കഴിഞ്ഞ ജൂണില്‍ നിര്‍ദേശിച്ചിരുന്നു.
ജൂലൈയില്‍ ഇതിന് മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ മറുപടി വൈകിയതോടെ, ജില്ലാ കോടതി ജഡ്ജി ഇത് ഒക്ടോബറിലേക്ക് നീട്ടി നല്‍കുകയായിരുന്നു.
ഖഷോഗ്ജിയുടെ മരണത്തില്‍ യു.എസില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ നിന്നും എം.ബി.എസിന് സൗദി പ്രധാനമന്ത്രി പദം നിയമപരിരക്ഷ നല്‍കണമെന്നായിരുന്നു ഇതേത്തുടര്‍ന്ന് പ്രസിഡന്റ് ജോ ബൈഡന്‍ കോടതിയെ അറിയിച്ചത്.
ഇതിന് പിന്നാലെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ പ്രതികരണവുമുണ്ടായിരുന്നു. ”രാഷ്ട്രത്തലവന്മാര്‍ക്കും സര്‍ക്കാരിന്റെ നേതൃപദവിയിലിരിക്കുന്നവര്‍ക്കും വിദേശകാര്യ മന്ത്രിമാര്‍ക്കും ഞങ്ങള്‍ സ്ഥിരമായി നല്‍കിവരുന്ന ഒരു സമ്പ്രദായമാണിത്,” എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ വ്യക്തമാക്കിയത്.
സെപ്റ്റംബര്‍ അവസാനത്തോടെയായിരുന്നു എം.ബി.എസിനെ സൗദിയുടെ പ്രധാനമന്ത്രിയായി നിയമിച്ചത്. കിരീടാവകാശിയായിരിക്കെ തന്നെ പ്രധാനമന്ത്രിയായി നിയമിച്ചത് ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാനാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി സ്ഥാനം ഖഷോഗ്ജി വധക്കേസിന്റെ നിയമനടപടികളില്‍ നിന്നും എം.ബി.എസിന് പ്രതിരോധം നല്‍കുമെന്നുമായിരുന്നു മിഡില്‍ ഈസ്റ്റ് ഐയും ഗാര്‍ഡിയനും അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സാധാരണയായി ഏതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയോ പ്രസിഡന്റോ രാജാവോ ആയ നേതാക്കള്‍ക്കാണ് ഇത്തരം സാഹചര്യങ്ങളില്‍ നിയമപരിരക്ഷ ലഭിക്കുക. അതുകൊണ്ടാണ് എം.ബി.എസിനെ ധൃതിപ്പെട്ട് പ്രധാനമന്ത്രിയായി നിയമിച്ചത് എന്നായിരുന്നു ചില വിലയിരുത്തലുകള്‍.
പ്രധാനമന്ത്രിയായതോടെ നിയമനടപടികളില്‍ നിന്നും പ്രതിരോധം ലഭിക്കുന്നതിനൊപ്പം വിദേശയാത്രകളുടെ സമയത്ത് അറസ്റ്റ് ചെയ്യപ്പെടുന്നതടക്കമുള്ള നടപടികളില്‍ നിന്നും എം.ബി.എസിന് സംരക്ഷണം ലഭിക്കും.
സൗദി ഭരണകൂടത്തെയും മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണത്തിന് കീഴിലുള്ള മനുഷ്യാവകാശ ലംഘനങ്ങളെയും യെമനിലെ ഇടപെടലുകളെയുമെല്ലാം വിമര്‍ശിച്ചുകൊണ്ട് നിരന്തരം ലേഖനങ്ങള്‍ എഴുതിയിരുന്ന വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു ജമാല്‍ ഖഷോഗ്ജി. യു.എസിലായിരുന്നു ഖഷോഗ്ജി താമസിച്ചിരുന്നത്.
2018 ഒക്ടോബറില്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗ്ജി കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.
മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകളാണ് ഖഷോഗ്ജിയെ വധിച്ചതെന്നും ഈ ഓപ്പറേഷന് എം.ബി.എസ് തന്നെയാണ് ഉത്തരവിട്ടതെന്നും യു.എസ്- തുര്‍ക്കി ഇന്റലിജന്‍സ് ഏജന്‍സികളുടേതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം സൗദി ഭരണകൂടവും എം.ബി.എസും നിഷേധിച്ചിരുന്നു. അതിന്റെ കേസുകള്‍ നിലവില്‍ നടന്നുവരികയാണ്. ഖഷോഗ്ജി വധം സൗദി- തുര്‍ക്കി, സൗദി- യു.എസ് ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തിയിരുന്നു.
Content Highlight: US Lawyer accuses Saudi crown prince MBS of attempting to manipulate court system