വാഷിങ്ടൺ: ഇസ്രഈൽ സൈന്യത്തിന് ആയുധങ്ങൾ നൽകുന്നത് തടയാൻ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ട് 20 യു.എസ് കോൺഗ്രസ് അംഗങ്ങൾ. ഇസ്രഈലിന് ആയുധങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ഒരു കത്തിൽ ഒപ്പുവച്ചു. കോൺഗ്രസ് അംഗം ഗ്രെഗ് കാസറിൻ്റെ നേതൃത്വത്തിലുള്ള നിയമനിർമാതാക്കളുടെ നേതൃത്വത്തിലാണ് കത്തയച്ചത്.
ഗസയിലെ ഫലസ്തീനികൾക്കുള്ള മാനുഷിക സഹായം വർധിപ്പിക്കണമെന്നും അല്ലെങ്കിൽ യു.എസ് സൈനിക പിന്തുണ നൽകുന്നതിനേക്കുറിച്ച് വീണ്ടും ചിന്തിക്കണമെന്നും ഇസ്രഈലിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ബൈഡൻ ഒക്ടോബറിൽ കത്തയച്ചിരുന്നു. എന്നാൽ ആ കത്തിലെ ആവശ്യങ്ങൾ ഇസ്രഈൽ ഭരണകൂടം പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.
‘നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ സർക്കാരിനുമുള്ള ആയുധ കൈമാറ്റങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്നും യു.എസ് നിയമം പാലിക്കാനും ഞങ്ങൾ നിങ്ങളുടെ ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു,’ നിയമനിർമാതാക്കൾ ചൊവ്വാഴ്ച അയച്ച കത്തിൽ പറഞ്ഞു.
ഇസ്രഈലിന്റെ ഉപരോധം ഗാസയിൽ മാരകമായ പട്ടിണിക്ക് കാരണമായി. ഗസയുടെ ഭൂരിഭാഗവും നശിപ്പിച്ച യുദ്ധത്തിൽ 45,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ അധികാരികൾ അറിയിച്ചു. ഫലസ്തീൻ ജനതയെ ഭാഗികമായോ പൂർണമായോ നശിപ്പിക്കാനുള്ള ശ്രമമാണ് ഗസയിൽ ഇസ്രഈൽ വംശഹത്യയിലൂടെ നടത്തിയതെന്ന് യു.എൻ വിദഗ്ധരും നിരവധി മനുഷ്യാവകാശ ഗ്രൂപ്പുകളും പറഞ്ഞു.
പട്ടിണി യുദ്ധായുധമായി ഉപയോഗിച്ചതുൾപ്പെടെ ഗസയിൽ യുദ്ധക്കുറ്റങ്ങൾ നടത്തിയതായി ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി കഴിഞ്ഞ മാസം നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ സഖ്യകക്ഷിക്ക് പിന്തുണ നൽകുന്നതിൽ യു.എസ് അചഞ്ചലമായി തുടരുകയാണ്. ഗസക്കെതിരായ യുദ്ധത്തിൻ്റെ ആദ്യവർഷം മാത്രം ധനസഹായത്തിനായി ബൈഡൻ ഭരണകൂടം ഇസ്രഈലിന് 17.9 ബില്യൺ ഡോളർ നൽകിയതായി അടുത്തിടെ ബ്രൗൺ യൂണിവേഴ്‌സിറ്റി പഠനം വെളിപ്പെടുത്തിയിരുന്നു.
Content Highlight: US lawmakers urge Biden administration to halt offensive weapons to Israel