വാഷിങ്ടണ്‍: മോറല്‍ പൊലീസിങ്ങിന് വിധേയമായി മഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി അമേരിക്കന്‍ ജനപ്രതിനിധികള്‍.
പ്രതിഷേധസമരക്കാരെ അടിച്ചമര്‍ത്തുന്ന, അക്രമത്തിന് ഉത്തരവാദികളായ ഇറാനിയന്‍ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും യു.എസിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനാണ് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്.
ഡെമോക്രാറ്റുകളായ ജോഷ് ഗോട്ടൈമര്‍ (Josh Gottheimer), വിസെന്റെ ഗോണ്‍സാലസ് (Vicente Gonzalez), റിപ്പബ്ലിക്കന്‍മാരായ ക്ലോഡിയ ടെന്നി (Claudia Tenney), ജോ വില്‍സണ്‍ (Joe Wilson) എന്നിവരാണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
യു.എസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ഇറാനിയന്‍ ഉദ്യോഗസ്ഥനോ അവരുടെ ബന്ധുക്കളോ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് അയോഗ്യരാണോ എന്ന് തീരുമാനിക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ (Antony Blinken) കൂടി അനുമതി വേണ്ടിവരും.
ബ്ലിങ്കന്റെ നേതൃത്വത്തില്‍ ഒരു അവലോകന യോഗം ചേര്‍ന്ന ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
‘ഗുരുതരമായ അഴിമതി’ അല്ലെങ്കില്‍ മറ്റ് മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്ന വിദേശ ഉദ്യോഗസ്ഥരുടെ വിസയാണ് യു.എസ് നിയമപ്രകാരം നിരോധിക്കാറ്. ഇതില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ കീഴില്‍ പെടുത്തിയായിരിക്കും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിക്കുക.
ഇറാനിയന്‍ സൈന്യത്തിന്റെയും വിദേശകാര്യ വക്താക്കളുടെയും സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരുടെയും ഇറാനിയന്‍ സര്‍ക്കാരിലെ എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് ബ്രാഞ്ചുകളുടെ ഭാഗമായവരെയും അവരുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങളെയുമായിരിക്കും ഇത്തരത്തില്‍ വിസ നിരോധനത്തിന് കീഴില്‍ ഉള്‍പ്പെടുത്തുക.
അതേസമയം, ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ ‘കലാപം’ എന്നാണ് ഭരണകൂടവും അധികൃതരും വിശേഷിപ്പിക്കുന്നത്. അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമാണ് രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്ക് പിന്നിലെന്നും ഇറാനി സര്‍ക്കാര്‍ ആരോപിക്കുന്നു.
ഇറാനിലെ സാക്വസ് സ്വദേശിയായ മഹ്സ അമിനി ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയായിരുന്നു കൊല്ലപ്പെട്ടത്. പിന്നാലെ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെടുകയായിരുന്നു.
പൊലീസ് വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലുടനീളവും അന്താരാഷ്ട്ര തലത്തില്‍ തന്നെയും ഇറാന്‍ ഭരണകൂടത്തിനും സദാചാര പൊലീസിനുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഹിജാബ് നിയമം പിന്‍വലിക്കുകയും മൊറാലിറ്റി പൊലീസ് സിസ്റ്റം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Content Highlight: US lawmakers propose bill to ban visas for Iranian officials and their families