യെമനിൽ യു.എസ്, യു.കെ സംയുക്തമായി നടത്തിയ ആക്രമണത്തിനെ വിമർശിച്ച് യു.എസ് എം.പിമാർ
World News
യെമനിൽ യു.എസ്, യു.കെ സംയുക്തമായി നടത്തിയ ആക്രമണത്തിനെ വിമർശിച്ച് യു.എസ് എം.പിമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th January 2024, 11:19 am

വാഷിങ്ടൺ: വ്യാഴാഴ്ച രാത്രി യെമനിൽ യു.എസും, യു.കെയും സംയുക്തമായി നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി യു.എസിലെ എം.പിമാർ.

ഈ വ്യോമാക്രമണം നിയമവിരുദ്ധവും അമേരിക്കൻ ഭരണഘടനയുടെ ലംഘനമാണെന്നും അവർ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് യു.എസും യു.കെയും സംയുക്തമായി യെമനിലെ ഹൂത്തികൾക്ക് നേരെ വ്യോമാക്രമണം നടത്തിയത്. റഡാർ സംവിധാനം, വ്യോമ പ്രതിരോധ സംവിധാനം, മറ്റു ലോഞ്ചിങ് സൈറ്റുകൾ എന്നിവ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് യു.എസ് പറഞ്ഞത്.

എന്നാൽ വ്യോമാക്രമണത്തിൽ യെമനിലെ നിരവധി ജനവാസ കേന്ദ്രങ്ങളും നഗരങ്ങളും ആക്രമണത്തിനിരയായി. യെമനിന്റെ തലസ്ഥാനമായ സനയും, പടിഞ്ഞാറൻ തീര നഗരമായ ഹൊദെയ്‌ദഹ്, ഹൂത്തി ശക്തികേന്ദ്രമായാ സാദ, തെക്കു പടിഞ്ഞാറൻ നഗരമായ ധമാർ എന്നിവയും ഇതിൽപ്പെടുന്നു.

ഈ അക്രമത്തിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് ഭരണകൂടത്തിനെതിരെ യു.എസ് എംപിമാരിൽ നിന്നും നേരിടേണ്ടി വന്നത്. ഈ വ്യോമാക്രമണം ഭരണഘടനാ ലംഘനം ആയിരുന്നുവെന്നും ബൈഡൻ നിയമനിർമ്മാണ സഭയുടെ അനുവാദം വാങ്ങിയില്ലെന്നും അവർ പറഞ്ഞു.

“പ്രസിഡൻറ് ജോ ബൈഡൻ കോൺഗ്രസിൽ നിന്നും അനുവാദം വാങ്ങാതെ നടത്തിയ ഈ ആക്രമണം ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിനെ ലംഘിച്ചു കൂടാതെ അമേരിക്കൻ ജനത നിരന്തരമായ യുദ്ധങ്ങൾ കൊണ്ട് ക്ഷീണിതരാണ്’ റാഷിദ തലൈബ് ട്വീറ്റ് ചെയ്തു. യുഎസ് കോൺഗ്രസിലെ ഏക ഫലസ്തീനിയൻ-അമേരിക്കൻ അംഗമാണ് റാഷിദ തലൈബ്

അമേരിക്കൻ ജനത യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അവരുടെ നികുതിപ്പണം നിരന്തരമായ യുദ്ധങ്ങൾക്കും സിവിലിയൻസിന്റെ കൊലപാതകത്തിനും വേണ്ടി ഉപയോഗിക്കുന്നതിൽ അവർക്ക് താത്പര്യമില്ലെന്നും യു.എസ് കോൺഗ്രസ് എം.പിയായ കോറി ബുഷ് പറഞ്ഞു.

എം.പിമാരുടെ വിമർശനത്തിനു പിന്നാലെ വാഷിങ്ടണിലും ന്യൂയോർക്കിലും നിരവധി പ്രതിഷേധങ്ങളാണ് നടന്നത്. ‘ലെറ്റ് യെമൻ ഫ്രീ’, ‘ഹാൻഡ്‌സ് ഓഫ് യെമൻ’ തുടങ്ങി നിരവധി മുദ്രാവാക്യങ്ങൾ മുഴക്കി ആളുകൾ വൈറ്റ് ഹൗസിൽ മുന്നിലും സംഘടിച്ചു.

യു.എസ്, യു.കെ സംയുക്തമായി നടത്തിയ ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് യെമനി അൻസാറുള്ള ഗ്രൂപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനിയും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ മേഖലയിലുള്ള യു.എസ് യു.കെ മിലിറ്ററി ബേസുകൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് അവർ അറിയിച്ചു.

Content Highlights: US lawmakers lambaste air strikes on Yemen as ‘unconstitutional’