വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 25ാമത് ഭേദഗതി ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള പ്രമേയം യു.എസ്.ജനപ്രതിനിധി സഭ അംഗീകരിച്ചു. പ്രമേയം പാസായതോടെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി 25ാം ഭേദഗതിയുടെ നാലാം അനുച്ഛേദം ഉപയോഗിച്ച് പുറത്താക്കപ്പെടുന്ന പ്രസിഡന്റായി ട്രംപ് മാറും.
നേരത്തെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് മൈക്ക് പെന്‍സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയില്‍ പ്രമേയം പാസാകുന്നത്.
പ്രസിഡന്റിനെ ഉടന്‍ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റുകള്‍ ഇപ്പോള്‍. ബുധനാഴ്ച ട്രംപിനെ നീക്കം ചെയ്യാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
എന്താണ് 25ാമത് ഭേദഗതി
1967 ലാണ് ഭരണഘടനയിലെ 25ാമത് ഭേദഗതി അമേരിക്ക അംഗീകരിക്കുന്നത്. പ്രസിഡന്റ് മരിക്കുകയോ അപ്രാപ്തനാകുകയോ ചെയ്യുമ്പോള്‍ പുതിയ രാഷ്ട്രതലവനെ സൃഷ്ടിക്കുന്നതിനുള്ള നിയമ സംവിധാനം ഉണ്ടാകുന്നത് ഇതിലൂടെയാണ്.
അമേരിക്കയുടെ പ്രസിഡന്റ് മരിക്കുകയോ രാജിവെക്കുകയോ ചെയ്താല്‍ സ്ഥിരമായി വൈസ് പ്രസിഡന്റിന് അധികാരമേല്‍ക്കുന്നതിന് നിയമപരമായി അംഗീകാരം ലഭിക്കുന്നതും ഈ ഭേദഗതിയിലൂടെയാണ്.
അമേരിക്കന്‍ പ്രസിഡന്റായ ജോണ്‍ എഫ്. കെന്നഡിയുടെ വധമാണ് ഇതില്‍ നിര്‍ണയാകമാകുന്നത്. കെന്നഡിയുടെ വധത്തിന് പിന്നാലെ അമേരിക്കയില്‍ അടുത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
മുന്‍പ് ഉപയോഗിച്ചിട്ടുണ്ടോ?
1985ല്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് ഒരു ശസ്ത്രക്രിയ നടത്തിയ സമയത്ത് വൈസ് പ്രസിഡന്റിന് താത്ക്കാലികമായി അധികാരവും ചുമതലകളും കൈമാറാന്‍ അനുവദിക്കുന്ന 25ാം ഭേദഗതിയുടെ മൂന്നാമത്തെ ഭാഗം ഉപയോഗിച്ചിരുന്നു.
ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ സമയത്തും 25ാമത് ഭേദഗതിയുടെ മൂന്നാമത്തെ ഭാഗം ഉപയോഗിക്കപ്പെട്ടു. വാട്ടര്‍ഗേറ്റ് സ്‌കാന്‍ഡലിനെ തുടര്‍ന്ന് റിച്ചാര്‍ഡ് നിക്സണ്‍ രാജിവെച്ച ഒഴിവില്‍ ജെറാള്‍ഡ് റൂഡോള്‍ഫ് ഫോര്‍ഡ് അധികാരത്തിലേറുന്നത് ഇതേ നിയമത്തിന്റെ രണ്ടാമത്തെ അനുച്ഛേദം ഉപയോഗിച്ചാണ്.
എന്നാല്‍ പ്രസിഡന്റ് അയോഗ്യനാണെന്ന പൊതു അഭിപ്രായത്തിന്‍മേല്‍ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ഭേദഗതിയുടെ നാലാമത്തെ അനുച്ഛേദം ഇതുവരെ അമേരിക്കയുടെ ചരിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ഇതാദ്യമായാണ് നാലാം ഭേദഗതി ഉപയോഗിക്കുന്നത്.