യൂട്ട: സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്ന നിയമവുമായി അമേരിക്കന്‍ സംസ്ഥാനമായ യൂട്ട. നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങുകയാണ് യൂട്ട.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ അനുമതിയോട് കൂടി മാത്രമേ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിയമം 2024 മാര്‍ച്ച് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കുട്ടികളില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് നിയമനിര്‍മാണത്തിന് സംസ്ഥാനം തയ്യാറായത്.
തങ്ങളുടെ യുവജനങ്ങളുടെ മാനസികാരോഗ്യത്തെ തകര്‍ക്കാന്‍ ഇനിയും സോഷ്യല്‍ മീഡിയ കമ്പനികളെ അനുവദിക്കില്ല എന്നാണ് യൂട്ട ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ് പറയുന്നത്.
സമാനമായ നിയമനിര്‍മാണങ്ങള്‍ക്കായി ഓഹിയോ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
തീരുമാനത്തിനെതിരെ ടെക് ഭീമന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള കൗമാരക്കാരുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്കുള്ള സാധ്യതകളെ നിയമം പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന് മേല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് വിമര്‍ശനം.
കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന് മേല്‍ രക്ഷിതാക്കള്‍ക്ക് പൂര്‍ണമായ നിയന്ത്രണങ്ങള്‍ നല്‍കണമെന്നും രാത്രി വൈകി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കുന്ന തരത്തില്‍ ‘കര്‍ഫ്യൂ’ ഏര്‍പ്പെടുത്തണമെന്നുമാണ് സോഷ്യല്‍ മീഡിയ ഭീമന്മാരോട് നിയമം നിര്‍ദേശിക്കുന്നത്.
Conent Highlights: US law mandates parental permission for children’s social media accounts