ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അംഗീകരിക്കില്ല, വോട്ട് ചെയ്ത് യു.എസ് നിയമ നിർമാതാക്കൾ; ഇസ്രഈലിന്റെ യുദ്ധക്കുറ്റങ്ങൾക്ക് പുതിയ മറ
Worldnews
ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അംഗീകരിക്കില്ല, വോട്ട് ചെയ്ത് യു.എസ് നിയമ നിർമാതാക്കൾ; ഇസ്രഈലിന്റെ യുദ്ധക്കുറ്റങ്ങൾക്ക് പുതിയ മറ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st July 2024, 1:09 pm

വാഷിങ്ടൺ: ഇസ്രഈൽ ഗസയിൽ നടത്തിയ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് യു.എസ് നിയമനിർമാതാക്കൾ. ഇസ്രഈൽ ഫലസ്‌തീൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിടാനുള്ള യു.എസ് സർക്കാരിന്റെ നീക്കത്തിനെതിരെ യു.എസ് ജനപ്രതിനിധി സഭയിലെ അംഗങ്ങൾ വോട്ട് ചെയ്തു.

62 ഡെമോക്രാറ്റുകളും 207 റിപ്പബ്ലിക് അംഗങ്ങളുമാണ് കണക്കുകൾ പുറത്ത് വിടാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ വോട്ട് ചെയ്തത്. ഗസയിലെ ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര ബജറ്റ് ഫണ്ടുകൾ ലഭിക്കാൻ ആവശ്യപ്പെട്ട് നൽകിയ സ്ഥിതിവിവര കണക്കുകൾ ജനപ്രതിനിധി സഭ നിരാകരിച്ചു. ഫലസ്തീന് അന്താരാഷ്ട്ര ഫണ്ടുകൾ നൽകുന്ന കാര്യത്തിൽ യു.എസ് ജനപ്രതിനിധി സഭ അനുകൂല തീരുമാനമെടുത്താൽ ഗസ ആരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ച കണക്കുകളും സഭ അംഗീകരിക്കേണ്ടതായി വരും.

Also Read: ഇന്ത്യാ സഖ്യം ബി.ജെ.പിയെ രാജ്യത്ത് നിന്ന് തുരത്തും; അവർ അധികം വൈകാതെ തുടച്ചുനീക്കപ്പെടും: ഹേമന്ദ് സോറൻ

ഇസ്രഈൽ ആക്രമണത്തിൽ ഏതാണ്ട് 37765 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നും 86429 പേർക്ക് പരിക്കേറ്റെന്നുമാണ് ഗസയിലെ ആരോഗ്യ മന്ത്രാലയം മുന്നോട്ടു വെച്ച കണക്കുകളിൽ പറയുന്നത്. എന്നാൽ ലഭിച്ച കണക്കുകളിൽ പെടാത്ത മരണങ്ങൾ ഇനിയുമുണ്ടെന്ന് ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങളിലും മറ്റുമായി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതിനാൽ കണക്കെടുപ്പ് ബുദ്ധിമുട്ടാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എന്നാൽ ഈ വോട്ടെടുപ്പിനെതിരെ നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ഫലസ്തീനിൽ ഇസ്രഈൽ നടത്തിയ കൂട്ടക്കുരുതിയുടെ യഥാർത്ഥ കണക്കുകൾ പുറത്തു വരാതിരിക്കാൻ വേണ്ടിയാണെന്ന് പല നിരീക്ഷകരും വിമർശിച്ചു.

സഭയിലുണ്ടായിരുന്ന ഫലസ്തീൻ അമേരിക്കൻ കോൺഗ്രസ് അംഗം റഷീദ തലൈബ് വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ തന്റെ പ്രതിഷേധം അറിയിച്ചു.

‘1948 മുതൽ ഫലസ്തീനികൾക്കെതിരെ മനുഷ്യത്വ രഹിതമായ ആക്രമണങ്ങൾ നടക്കുകയും ഇസ്രഈലിനെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. എന്നാൽ ഈ ചേമ്പറിൽ പോലും അത് ഇപ്പോൾ നടക്കുന്നുവെന്നത് ദുഖകരമാണ്. ഇത്തരം വോട്ടെടുപ്പ് നടത്തുന്നത് തന്നെ ഇസ്രഈലിന്റെ യുദ്ധക്കുറ്റങ്ങൾ മറയ്ക്കുന്നതിന് വേണ്ടിയാണ്.

ഗസയിൽ ഓരോ മണിക്കൂറിലും ആറ് കുട്ടികൾ വീതം കൊല്ലപ്പെടുന്നുണ്ട്. എന്നാൽ ഈ വസ്തുത മറന്നുകൊണ്ട് ഫലസ്തീനികളെ സ്വന്തം ജനങ്ങളുടെ മരണസംഖ്യ പുറത്ത് വിടാൻ പോലും എന്റെ സഹപ്രവർത്തകർ അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം,’ അവർ പറഞ്ഞു.

അതോടൊപ്പം യു.എസ് ജനപ്രതിനിധിസഭയിലെ അംഗങ്ങളെ ഫലസ്തീൻ വിരുദ്ധർ എന്ന് വിളിച്ച് അവർ പ്രതിഷേധിക്കുകയും ചെയ്തു.

 

 

Content Highlight: us law makers vote to censer palastinians toll in gaza over israel war crime