ടിക് ടോക് ചൈനീസ് ചാരന്‍? അന്വേഷണവുമായി യു.എസ്
World
ടിക് ടോക് ചൈനീസ് ചാരന്‍? അന്വേഷണവുമായി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2019, 7:46 pm

വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അടക്കിവാഴുന്ന ടിക് ടോക്ക് ചൈനീസ് സര്‍ക്കാരിന്  ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുണ്ടോ എന്ന സംശയത്തില്‍ യു.എസ് സര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ യു.എസില്‍ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികളുടെ രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തിന്റെ ഭാഗമായി ടിക് ടോക്കിന്റെ മുന്‍ഗാമികളായ ചൈനയില്‍ വേരുകളുള്ള മ്യൂസികലിയുടെ വിവരങ്ങളും പരിശോധിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമ്മിറ്റി ഓഫ് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്ന പാനലാണ് അന്വേഷണം നടത്തുന്നത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ടിക് ടോക്ക് ഇതില്‍ കൈ കടത്താന്‍ സാധ്യത ഉണ്ടെന്നാണ് യു.എസ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്.

മാത്രമല്ല ചൈനയുടെ രാഷ്ട്രീയ വിഷയങ്ങളില്‍ ടിക് ടോക്ക് സെന്‍സറിംഗ് നടത്തുന്നു എന്ന ആരോപണവുമുണ്ട്. ചൈനീസ് സര്‍ക്കാരിനെതിരെ ഹോങ്കോങില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെ വളരെ കുറച്ചു വീഡിയോകള്‍ മാത്രമേ ടിക് ടോക്കില്‍ പ്രചരിക്കുന്നുള്ളൂ എന്നതും യു.എസിന്റെ സംശയം ബലപ്പെടുത്തുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ടിക് ടോക്കിന്റെ വിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച യു.എസ് സെനറ്റംഗങ്ങള്‍ യു.എസ് ഇന്റലിജന്‍സ് കമ്യൂണിറ്റിക്ക് കത്തയച്ചിരുന്നു. ഇതിനു ശേഷമാണ് അന്വേഷണത്തിന് യു.എസ് ഒരുങ്ങുന്നത്. എന്നാല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നില്ല എന്നാണ് ടിക് ടോക്കിന്റെ വിശദീകരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം നേരത്തെ വന്ന ഇത്തരത്തിലുള്ള യു.എസിന്റെ ആരോപണത്തെ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.

ബീജിങ്ങിലെ ബൈറ്റ് ഡാന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ടിക് ടോക്ക്.