| Sunday, 29th September 2024, 12:48 pm

ലെബനനിലെ പേജര്‍ ആക്രമണത്തെ കുറിച്ച് അമേരിക്കയ്ക്ക് അറിവുണ്ടായിരുന്നു: റഷ്യന്‍ വിദേശകാര്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലെബനനില്‍ ഇസ്രഈല്‍ നടത്തിയ പേജാര്‍ ആക്രമണത്തെ കുറിച്ച് അമേരിക്കയ്ക്ക് അറിയാമായിരുന്നെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്. ആക്രമണവുമായി സംബന്ധിച്ച വിവരങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും ലാവ്റോവ് പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു സെര്‍ജിയുടെ പരാമര്‍ശം.

കുറഞ്ഞത് ഇസ്രഈല്‍ ലെബനനില്‍ ആക്രമണം നടത്താന്‍ തയ്യാറാകുന്നതിന്റെ വിവരങ്ങളെങ്കിലും യു.എസ് അറിഞ്ഞിട്ടുണ്ടാകുമെന്നാണ് ലാവ്റോവ് പറയുന്നത്. ലെബനനിലുടനീളമായുണ്ടായ സ്‌ഫോടനം മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും ലാവ്റോവ് പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലിലുണ്ടായ ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തതാണ്. എന്നാല്‍ ഒക്ടോബറിലുണ്ടായ ദുരന്തത്തെ ഒരു സമൂഹത്തെ കൂട്ടമായി ശിക്ഷിക്കാനുള്ള ആയുധമാക്കുകയാണ് ഇസ്രഈലെന്നും ലാവ്റോവ് ചൂണ്ടിക്കാട്ടി.

ലെബനനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി തീവ്രവാദത്തെ മുന്‍നിര്‍ത്തി മനുഷ്യരെ ക്രൂരമായി അതിക്രമിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. മനുഷ്യനെ തന്നെ ആയുധങ്ങളാക്കുകയാണ് ഇസ്രഈലെന്നും ലാവ്റോവ് യു.എന്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വളരെ മോശമാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ നോര്‍ഡ് സ്ട്രീം ഗ്യാസ് പൈപ്പ്‌ലൈന്‍ വഴിയുള്ള തീവ്രവാദി ആക്രമണത്തോട് എങ്ങനെയാണോ പ്രതികരിച്ചത്, സമാനമായ വിധത്തിലാണ് അമേരിക്കക്കാര്‍ ഇപ്പോഴും എല്ലാം നിഷേധിച്ചുകൊണ്ടിരിക്കുന്നതെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പേജര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രഈല്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും സഖ്യകക്ഷികള്‍ സാധ്യതകള്‍ ഒന്നും നിഷേധിച്ചിട്ടുമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രഈല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേജറുകള്‍ എത്തിയ വഴികളും തുടങ്ങിയ വിശദാംശങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു ലാവ്റോവിന്റെ വിമര്‍ശനം.

ലെബനനിലും സിറിയയിലെ ഏതാനും ഭാഗങ്ങളിലും പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. 2,900ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ 287 പേരുടെ നില ഗുരുതരമായിരുന്നു.

തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായതോടെ ഇസ്രഈല്‍ ലെബനനില്‍ ആക്രമണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് ശനിയാഴ്‌ച നടന്ന വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള മേധാവി ഹസൻ നസറുല്ല കൊല്ലപ്പെടുകയുണ്ടായി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 700ലധികം ആളുകള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Content Highlight: US Knew About Pager Attack In Lebanon says Russian Foreign Minister

We use cookies to give you the best possible experience. Learn more