ന്യൂദല്‍ഹി: ഇന്ത്യയിലെത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ തിരിച്ചയച്ചു. ഇന്ത്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകന്‍ അംഗദ് സിങ്ങിനെയാണ് ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചത്. അമേരിക്കന്‍ ന്യൂസ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് കമ്പനിയായ ‘വൈസ് ന്യൂസിലെ’ മാധ്യമപ്രവര്‍ത്തകനാണ് അംഗദ്.
ബുധനാഴ്ചയായിരുന്നു അംഗദ് ദല്‍ഹി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ എത്തി മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തെ അധികൃതര്‍ മടക്കിയയക്കുകയായിരുന്നു. ഷഹീന്‍ബാഗ് പ്രതിഷേധത്തെക്കുറിച്ച് അംഗദ് നേരത്തെ ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. ആ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനുണ്ടായ അതൃപ്തിയായിരിക്കാം അംഗദിനെ തിരിച്ചയക്കാന്‍ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
പഞ്ചാബില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അംഗദ്.
നേരത്തെ ഇന്ത്യയിലെ ദളിത് വിഭാഗത്തെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാന്‍ വേണ്ടി വിസക്ക് അപേക്ഷിച്ചെങ്കിലും അത് നിരസിക്കുകയായിരുന്നുവെന്ന് അംഗദിന്റെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. അംഗീകാരം നേടിയ മകന്റെ മാധ്യമപ്രവര്‍ത്തനമാണ് അധികാരികള്‍ ഭയക്കുന്നതെന്നും മാതാവും എഴുത്തുകാരിയുമായ ഗുര്‍മീത് കൗര്‍ പറഞ്ഞു.
‘ഒരു സിഖുകാരനായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനു പുറമെ ഒരു മാധ്യമപ്രവര്‍ത്തകനായിരിക്കുക, സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവനായിരിക്കുക എന്നതും എളുപ്പമല്ല. സത്യം പറയുന്നതിന് ഒരു വിലയുണ്ട്. അത് നമ്മള്‍ നല്‍കേണ്ടതുണ്ട്,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കൗറിന്റെ പ്രതികരണം.
അതേസമയം അംഗദിനെ തിരിച്ചയച്ച നടപടിയെ പ്രൊഫസര്‍ അശോക് സ്വെയ്ന്‍ വിമര്‍ശിച്ചു. ഷഹീന്‍ബാഗ് ഡോക്യുമെന്ററി നിര്‍മിച്ച യു.എസ് മാധ്യമപ്രവര്‍ത്തകനെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. ഇതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlight: US journalist send back to Us withn 3 hours of reaching India