| Thursday, 30th April 2020, 11:06 pm

അമേരിക്കയില്‍ ആറാഴ്ചക്കുള്ളില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത് 3 കോടി പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു. തൊഴില്‍ വകുപ്പ് നല്‍കുന്ന കണക്ക് പ്രകാരം ഏപ്രില്‍ 25 വരെ കഴിഞ്ഞ ആഴ്ച 38 ലക്ഷം പേരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്.

ഇതുള്‍പ്പെടെ കഴിഞ്ഞ ആറ് ആഴ്ചത്തെ കണക്കെടുക്കുമ്പോള്‍ 3 കോടി പേരാണ് ഇതുവരെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്. മുന്‍പത്തെ ആഴ്ചകളിലെ കണക്കെടുക്കുമ്പോള്‍ അപേക്ഷകരുടെ എണ്ണം കുറഞ്ഞു വരികയാണ്. മാര്‍ച്ചിലെ അവസാന ആഴ്ചയില്‍ 68 ലക്ഷത്തോളം പേരാണ് അമേരിക്കയില്‍ തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ചില അമേരിക്കന്‍ സ്‌റ്റേറ്റുകളില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തിയിരുന്നു. അമേരിക്കയില്‍ ഇതുവരെ 61,700 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 10 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോകത്തിലെ കൊവിഡ് ബാധയില്‍ മൂന്നില്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നിലവില്‍ അമേരിക്കയിലാണ്. ആഗോളതലത്തില്‍ 32 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 228,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ച 9,92000 പേര്‍ക്ക് രോഗം ഭേദമായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more