| Monday, 13th February 2023, 9:15 am

വീണ്ടും അമേരിക്കന്‍ ആകാശത്ത് അജ്ഞാത വസ്തു; ഒരാഴ്ചക്കിടെ നാലാം വെടിവെച്ച് വീഴ്ത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു. ഹിരോണ്‍ നദിക്ക് മുകളിലായി പറക്കുകയായിരുന്ന വസ്തുവിനെ പ്രസിഡന്റ് ജോ ബൈഡന്റ നിര്‍ദേശ പ്രകാരം വെടിവെച്ച് വീഴ്ത്തി.

ഒരാഴ്ചക്കിടെ അമേരിക്ക വെടി വെച്ചിടുന്ന നാലാമത്തെ അജ്ഞാത വസ്തുവാണ് ഇത്.

സൗത്ത് കാരലൈനയില്‍ ചൈനീസ്  എത്തിയതായിരുന്നു ആദ്യ സംഭവം. ഇത് ചൈന നടത്തുന്ന ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമാകാമെന്ന ആശങ്ക ഉന്നയിച്ചുകൊണ്ടായിരുന്നു അമേരിക്ക വെടിവെച്ചിട്ടത്.

പിന്നീട് അലാസ്‌കയിലും കാനഡ അതിര്‍ത്തിയിലും ചില അജ്ഞാത പേടകങ്ങള്‍ പ്രത്യക്ഷപ്പെടുകയും അമേരിക്ക അവയെ വെടിവെച്ചിടുകയുമായിരുന്നു. ഇവ മൂന്നുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന ചെറിയ വസ്തുവാണ് ഇത്തവണ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വ്യോമമേഖലയെ ഏറെ ജാഗ്രതയോടെ വീക്ഷിച്ചുവരികയാണെന്ന് പ്രതിരോധ സെക്രട്ടറി മെലിസ ഡാള്‍ട്ടണ്‍ പ്രതികരിച്ചു.

അതേസമയം ഇതുവരെ കണ്ടെത്തിയ അജ്ഞാത വസ്തുക്കളൊന്നും ദേശീയ സുരക്ഷക്ക് ഭീഷണിയായിട്ടില്ലെന്നും കരുതലിന്റെ ഭാഗമായാണ് വെടിവെച്ചിടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ച്ചയായി അജ്ഞാത വസ്തുക്കള്‍ പ്രത്യക്ഷപ്പെടുന്നത് അമേരിക്കയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. രാജ്യത്തിന് മേല്‍ ശക്തമായ ചാരപ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നുണ്ടാകാമെന്ന ഭീതിയിലാണ് പ്രതിരോധ മേഖല.

അമേരിക്കന്‍ ആകാശങ്ങള്‍ക്ക് മേലുള്ള നിരീക്ഷണം കര്‍ശനമാക്കിയതിന്റെ ഭാഗമായിട്ടായിരിക്കാം ഇപ്പോള്‍ ഈ വസ്തുക്കള്‍ കണ്ടെത്താനായതെന്നും ഏറെ നാളുകളായി ഇവ ആകാശത്തുണ്ടായിരിക്കാമെന്നും ചില ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: US jets down 4 flying objects within a week

Latest Stories

We use cookies to give you the best possible experience. Learn more