| Wednesday, 2nd January 2019, 8:13 am

അമേരിക്കയും ഇസ്രഈലും യുനെസ്‌കോയില്‍ നിന്നും പുറത്തു പോയി; സംഘടനയ്ക്ക് ഇസ്രാഈല്‍ വിരുദ്ധ പ്രവണതയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍ അവീവ്: ഒരു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷം അമേരിക്കയും ഇസ്രഈലും ഔപചാരികമായി യുനൈറ്റഡ് നാഷന്‍സ് എഡുകേഷനല്‍ സൈന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ യുനെസ്‌കോ നിന്നും പുറത്തു പോയി.

കിഴക്കന്‍ ജെറുസലേമില്‍ ഇസ്രഈല്‍ നടത്തുന്ന കയ്യേറ്റ നയങ്ങളേയും, പാലസ്തീനിന് യുനെസ്‌കോയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിന് അമേരിക്കയും ഇസ്രഈലും എതിര്‍പ്പ് പ്രകടപ്പിച്ചതിനെയും യുനെസ്‌കോ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ഇരു രാജ്യങ്ങളും സംഘടനയില്‍ നിന്ന് പുറത്തു പോകുന്നതെന്ന് ദി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read ദളിത് ഭാരത് ബന്ദ്: ബി.ജെ.പി സര്‍ക്കാറെടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മധ്യപ്രദേശ്, പരിശോധിക്കുകയാണെന്ന് രാജസ്ഥാന്‍

“ജൂതര്‍ക്ക് ജെറുസലേമുമായുള്ള ബന്ധമടക്കം ,ചരിത്രത്തെ തുടര്‍ച്ചയായി തിരുത്തി എഴുതിക്കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് യുനെസ്‌കോ. മനപ്പൂര്‍വം ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ അംഗമായിരിക്കാന്‍ ഞങ്ങളില്ല”- ഇസ്രയീലിന്റെ യു.എന്‍ അംബാസിഡര്‍ ഡാനി ഡാനന്‍ പറഞ്ഞു.

അമേരിക്ക യുനെസ്‌കോയില്‍ നിന്നും പുറത്തു പോകും എന്ന് 2017ല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയീലും ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നിരുന്നു.

“സംഘടന അവരുടെ ശൈലി മാറ്റുമെന്ന് ഞങ്ങള്‍ കരുതുന്നു, എന്നാല്‍ ഞങ്ങള്‍ ഇതിനു മേലെ പ്രതീക്ഷയൊന്നും നല്‍കുന്നില്ല. അതു കൊണ്ട് സംഘടന വിടുമെന്ന ഉത്തരവ് നിലനില്‍ക്കും”- ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആറു സ്ഥലങ്ങള്‍ ഇസ്രഈലിലുണ്ട്. എന്നാല്‍ സംഘടനയില്‍ നിന്ന് പുറത്തു പോയാലും ഇവ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ശേഷിക്കും എന്ന് ഇസ്രയീല്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. 1949ലാണ് ഇസ്രയീല്‍ യുനൈറ്റഡ് നാഷന്‍ ഓര്‍ഗനൈസേഷനില്‍ അംഗമാകുന്നത്.

അതേസമയം, ഇസ്രയീലും അമേരിക്കയും യുനെസ്‌കോയില്‍ നിന്ന് പുറത്തു പോകുന്നത് സംഘടനയുടെ സാമ്പത്തികഭദ്രതയെ ബാധിക്കില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 2011ല്‍ പാലസ്തീനിന് സംഘടനയില്‍ അംഗത്വം നല്‍കിയത് മുതല്‍ ഇരു രാജ്യങ്ങളും യുനെസ്‌കോയ്ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിയിരുന്നു.

Image Credits: Jacques Demarthomn— AFP

We use cookies to give you the best possible experience. Learn more