അഫ്ഗാനില്‍ അമേരിക്ക തുടക്കം മുതലേ പരാജയം: ഗോര്‍ബച്ചേവ്
national news
അഫ്ഗാനില്‍ അമേരിക്ക തുടക്കം മുതലേ പരാജയം: ഗോര്‍ബച്ചേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th August 2021, 12:41 pm

മോസ്‌കോ: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിന്റെയും തുടര്‍ന്നുള്ള താലിബാന്റെ കൈയേറ്റത്തിന്റെയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി സോവിയറ്റ് യൂണിയന്‍ അവസാന ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവ്. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം ഒരു തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ഗോര്‍ബച്ചേവ് പ്രതികരിച്ചത്.

പതിറ്റാണ്ട് നീണ്ടുനിന്ന മോസ്‌കോയുടെ അഫ്ഗാനിലെ ക്യാംപെയിനിന് ശേഷം 1989 ലെ സോവിയറ്റ് യൂണിയന്‍ പട്ടാളത്തിന്റെ പിന്മാറ്റത്തിന് നേതൃത്വം നല്‍കിയത് ഗോര്‍ബച്ചേവായിരുന്നു. അഫ്ഗാനില്‍ നാറ്റോ സൈന്യത്തെ വിന്യസിച്ചത് ആരംഭത്തില്‍ തന്നെ നശിച്ചുതുടങ്ങിയെന്നും ഗോര്‍ബച്ചേവ് പ്രതികരിച്ചു.

”റഷ്യ തുടക്കത്തില്‍ പിന്തുണച്ചുവെങ്കിലും, അമേരിക്കന്‍ അധിനിവേശത്തിനുള്ള തീരുമാനം തെറ്റായ ഒന്നായിരുന്നു. പരാജയം മുന്‍പേ സമ്മതിക്കേണ്ടതായിരുന്നു.” തൊണ്ണൂറുകാരനായ ഗോര്‍ബച്ചേവ് പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന് താലിബാന്‍ ഞായറാഴ്ച രാജ്യം കീഴടക്കിയിരുന്നു.

ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കണം. സാഹചര്യങ്ങളില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഗോര്‍ബച്ചേവ് കൂട്ടിച്ചേര്‍ത്തു. ആര്‍.ഐ.എ നൊവൊസ്ടി വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1985ല്‍ അധികാരത്തില്‍ കയറിയതിന് തൊട്ടുപിന്നാലെ അഫ്ഗാനിലെ സോവിയറ്റ് യൂണിയന്‍ ഇടപെടലുകള്‍ ഗോര്‍ബച്ചേവ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അഫ്ഗാന്‍ ജനതയെ താലിബാന് വിട്ടു നല്‍കിക്കൊണ്ടുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ ഇറങ്ങിപ്പോക്കിന് സമാനമായിരുന്നില്ല അത്.

അഫ്ഗാന്‍ സര്‍ക്കാരിന്റെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി അമേരിക്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുകളുമായി കരാര്‍ ഒപ്പിട്ടായിരുന്നു പിന്‍വാങ്ങല്‍. സോവിയറ്റ് യൂണിയന്‍ അതിന്റെ പതനത്തിന്റെ നാളുകളില്‍ എടുത്ത ഈ അധിനിവേശ തീരുമാനം രാഷ്ട്രീയപരമായ ഒരു പിഴവായിരുന്നുവെന്നും ഗോര്‍ബച്ചേവ് തന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

2001 സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിന് പിന്നാലെ അല്‍ഖ്വയിദ തലവന്‍ ഉസാമ ബിന്‍ ലാദനെ കൈമാറാന്‍ താലിബാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു അമേരിക്കന്‍ സൈന്യം അഫ്ഗാനിലെത്തിയത്.

മുസ്‌ലിം ഗറില്ല പോരാളികളുടെ അക്രമങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ അഫ്ഗാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 1979 ലെ സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: US invasion of Afghanistan was a ‘bad idea’, says last Soviet leader Gorbachev