| Wednesday, 7th August 2024, 1:28 pm

ഹസീനയുടെ സ്ഥാനതകർച്ച; മാർട്ടിൻസ് ദ്വീപിനായുള്ള അമേരിക്കയുടെ ശ്രമങ്ങൾ വിജയിക്കുമോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനതകർച്ച സെന്റ് മാർട്ടിൻസ് ദ്വീപ് സ്വന്തമാക്കാനുള്ള അമേരിക്കൻ ശ്രമങ്ങളെ വിജയത്തിലേക്കെത്തിക്കുമോയെന്ന് ആശങ്ക.

ബംഗ്ലാദേശിലെ പവിഴ ദ്വീപായ സെൻ്റ് മാർട്ടിൻസ് ദ്വീപ് പിടിച്ചെടുക്കാൻ യു.എസിന് ഉദ്ദേശമുണ്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ദ്വീപ് പിടിച്ചടക്കാൻ യാതൊരു വിധ താത്പര്യവും ഇല്ലെന്ന് പറഞ്ഞ് ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ മുന്നോട്ടെത്തിയിരുന്നു.

അതുപോലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) സെന്റ് മാർട്ടിൻസ് ദ്വീപ് യു.എസിന് വിൽക്കാൻ തയ്യാറാണെന്ന് ജൂൺ 21ന് ഒരു മാധ്യമ സമ്മേളനത്തിൽ പ്രധാനമന്ത്രി ഹസീന ആരോപിച്ചിരുന്നു.

എന്നാൽ ദ്വീപ് പാട്ടത്തിന് നൽകാനുള്ള യു.എസിൻ്റെ ആവശ്യം അനുസരിച്ചില്ലെങ്കിൽ താൻ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ഹസീന പറഞ്ഞിരുന്നു. നിലവിൽ അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് ഹസീന. ഇത് അമേരിക്കയുടെ തന്ത്രങ്ങൾ വിജയം കാണുമോയെന്ന സംശയത്തിന് ആക്കം കൂട്ടുകയാണ്.

2001ൽ ഗ്യാസ് വിൽപന നടത്തിയതു പോലെ ദ്വീപ് യു.എസിന് വിൽക്കാൻ ബി.എൻ.പി തയ്യാറാണെന്ന് ആരോപിച്ച ഹസീന, രാജ്യത്തിൻ്റെ സ്വത്തുക്കൾ ആർക്കും വിറ്റ് അധികാരം നിലനിർത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

സെൻ്റ് മാർട്ടിൻ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്ന ആരുടെയും പേര് ഹസീന വ്യക്തമായി പരാമർശിച്ചില്ലെങ്കിലും, ബംഗ്ലാദേശിലെ രണ്ട് പാർലമെൻ്റ് അംഗങ്ങൾ ദ്വീപിനെക്കുറിച്ചുള്ള യു.എസിൻ്റെ ഉദ്ദേശത്തിനെതിരെ തുറന്നടിച്ചിരുന്നു. ജൂൺ 14 ന് പാർലമെന്റിൽ നടന്ന ചർച്ചയിൽ വർക്കേഴ്സ് പാർട്ടിയുടെ പ്രസിഡൻ്റായ ബംഗ്ലാദേശ് എം.പി റഷീദ് ഖാൻ മേനോനും സെൻ്റ് മാർട്ടിൻസ് ദ്വീപിൽ അമേരിക്കക്ക് കണ്ണുണ്ടെന്ന് ആരോപിച്ചിരുന്നു. ഭരണമാറ്റത്തിനുള്ള തന്ത്രത്തിൻ്റെ ഭാഗമാണ് പുതിയ യു.എസ് വിസ നയമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ജൂൺ 19 ന്, ദേശീയ സമാജതന്ത്രി ദൾ പ്രസിഡൻ്റും എം.പിയുമായ ഹസനുൽ ഹഖ് ഇനുവും തൻ്റെ ആശങ്കകൾ പ്രകടിപ്പിച്ചു, ബംഗ്ലാദേശിൻ്റെ കാര്യങ്ങളിൽ യു.എസ് ഇടപെടുന്നത് ജനാധിപത്യത്തിന് വേണ്ടിയാണോ അതോ സെൻ്റ് മാർട്ടിൻസ് ദ്വീപിൻ്റെ നിയന്ത്രണത്തിനാണോ എന്ന് അദ്ദേഹം ചോദ്യം ചെയ്തു.

‘ബംഗ്ലാദേശിൻ്റെ കാര്യങ്ങളിൽ യു.എസ് ഇടപെടുന്നത് ജനാധിപത്യത്തിന് വേണ്ടിയാണോ അതോ സെൻ്റ് മാർട്ടിൻസ് ദ്വീപിൻ്റെ നിയന്ത്രണത്തിനാണോ എന്ന നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ പുറത്താക്കി ഒരു പാവയെ അധികാരത്തിലെത്തിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്. ബി.എൻ.പിക്കും ജമാഅത്തിനും സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തതിനാൽ, അവർ വിദേശ ശക്തികളുടെ സഹായം തേടുകയാണ്. എന്നാൽ വിദേശ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ പോയി അവർ ഒരു ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തിൻ്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്, അതിനാൽ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്. യു.എസിന് ഈ ദ്വീപിൽ പ്രത്യേക താത്പര്യമുള്ളതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

തന്റെ അമേരിക്കൻ വിരുദ്ധ നിലപാട് പണ്ട് തന്നെ വ്യക്തമാക്കിയ ഭരണാധികാരിയാണ് ഷെയ്ഖ് ഹസീന. 2023 ഏപ്രിൽ 11ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ അവർ അമേരിക്കക്കെതിരെ ആഞ്ഞടിച്ചിരുന്നു.

‘നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും ബംഗ്ലാദേശിനുമേൽ അമേരിക്ക സമ്മർദം ചെലുത്തുക ആണ്. എന്നാൽ ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പും ജനാധിപത്യവും അല്ല അമേരിക്കയുടെ ലക്ഷ്യം. അവർ ജനാധിപത്യവും തെരഞ്ഞെടുപ്പും ഒരു കാരണമായി എടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ബംഗാൾ ഉൾക്കടലിന്റെയും മേൽ നിയന്ത്രണം നേടാൻ ശ്രമിക്കുകയാണ്,’ ഹസീന തന്റെ പ്രസംഗത്തിൽ പറഞ്ഞു.

അമേരിക്ക ജനാധിപത്യത്തെക്കുറിച്ച് ബംഗ്ലാദേശിൽ പ്രഭാഷണം നടത്തുന്നു, ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും അവർ ഞങ്ങളെ പഠിപ്പിക്കുന്നു. അവരുടെ നാട്ടിൽ എന്താണ് അവസ്ഥയെന്നും ഹസീന തന്റെ പ്രസംഗത്തിൽ ചോദിച്ചിരുന്നു.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ചെയ്തിരുന്നു.

Content Highlight: us Intention To Grab St. Martin’s Island From Bangladesh,

We use cookies to give you the best possible experience. Learn more