| Friday, 9th February 2024, 8:17 pm

ഹമാസിന്റെ അടുത്തെത്താന്‍ പോലും ഇസ്രഈലിന് കഴിഞ്ഞിട്ടില്ല; ഗറില്ലാ സംഘടനയെ തകര്‍ക്കുന്നത് അസാധ്യം: യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗസയിലെ സൈനിക ആക്രമണങ്ങളിലൂടെ ഹമാസിനെ പരാജയപ്പെടുത്താന്‍ ഇസ്രഈലിന് കഴിഞ്ഞിട്ടില്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍. ഫലസ്തീന്റെ സായുധ സംഘടനയായ ഹമാസിന്റെ അടുത്തുപോലും എത്താന്‍ ഇസ്രഈലിന് കഴിഞ്ഞിട്ടില്ലെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹമാസിന്റെ പോരാട്ടശേഷിയെ തരംതാഴ്ത്താന്‍ ഇസ്രഈലിന് കഴിഞ്ഞെങ്കിലും സൈനിക സംഘടനയെ തകര്‍ക്കുന്നതില്‍ നിന്ന് ഇസ്രഈലി സൈന്യം വളരെ അകലെയാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ഗറില്ല സേനയെന്ന് അറിയപ്പെടുന്ന ഹമാസിന്റെ സൈനിക നടപടി ക്രമങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനയെ പരാജയപ്പെടുത്തുക എന്നത് ഇസ്രഈലിന് സാധ്യമായ കാര്യമല്ലെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘം വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിന്റെ പോരാട്ട വീര്യം ദുര്‍ബലപ്പെടുത്തുക എന്നത് മാത്രമായിരിക്കും ഇസ്രഈലി സൈന്യത്തിന്റെ യാഥാര്‍ത്ഥ്യമായ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇസ്രഈലും ഹമാസും താത്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ഇസ്രഈലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും കൈമാറ്റം ചെയ്യാന്‍ ഇരുകൂട്ടരും സമ്മതിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്.

ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് സൈനികരുടെ കണക്കുകള്‍ പുറത്തുവിടുന്നതില്‍ നിന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിട്ടുനിന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഹമാസിനെ തകര്‍ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നെതന്യാഹു ഊന്നിപ്പറഞ്ഞിരുന്നു.

Content Highlight: US intelligence officials say that Israel has not even been able to get close to Hamas

Latest Stories

We use cookies to give you the best possible experience. Learn more