| Saturday, 13th April 2024, 1:11 pm

48 മണിക്കൂറിനകം ഇസ്രഈലില്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇറാന്‍ ഏത് നിമിഷവും ഇസ്രഈലിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വരുന്ന 48 മണിക്കൂറിനകം ഇസ്രഈലില്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.

ഇതിന് പിന്നാലെ ആക്രമണം നേരിടാന്‍ പൂര്‍ണമായും തയ്യാറാണെന്ന് ഇസ്രഈലും അറിയിച്ചു. എന്നാല്‍ ഇറാന്റെ അറിയിപ്പിന് പിന്നാലെ ഇസ്രഈലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ ഓപ്പറേഷന്‍ നടത്തരുതെന്ന് ഇറാനോട് ആവശ്യപ്പെട്ടു.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രഈലി സൈനിക സൈറ്റുകള്‍ക്കെതിരെ ലെബനനിലെ ഹിസ്ബുള്ള ഒന്നിലധികം ഓപ്പറേഷനുകള്‍ നടത്തിയിട്ടിട്ടുണ്ടെന്ന് വ്യക്തമാകുന്നു. ഹിസ്ബുള്ളയുടെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട് ലെബനനിലെ അല്‍ മയാദീന്‍ ടെലിവിഷന്‍ ന്യൂസ് ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അതേസമയം ഇസ്രഈലിനെതിരായ ഇറാന്റെ ആക്രമണ സാധ്യത കണക്കിലെടുത്ത് ഇറാന്‍, ലെബനന്‍, ഇസ്രഈല്‍, ഫലസ്തീന്‍ എന്നീ സ്ഥലങ്ങളിലേക്ക് പൗരന്‍മാര്‍ക്ക് ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തി.

സമാനമായ സാഹചര്യം ചൂണ്ടിക്കാട്ടി ഇറാനിലേക്കും ഇസ്രഈലിലേക്കും ഇന്ത്യ യാത്ര വിലക്ക് ഏര്‍പ്പെടുത്തി. ഇറാനിലേക്കും ഇസ്രഈലിലേക്കും യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. രണ്ട് രാജ്യങ്ങളിലും നിലവിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സിറിയന്‍ തലസ്ഥാന ദമാസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പല ഘട്ടങ്ങളിലായി ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ രം?ഗത്തെത്തിയിരുന്നു. ഇസ്രഈലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഈ ആക്രമണം അമേരിക്കയ്ക്ക് മുഖത്തേല്‍ക്കുന്ന പ്രഹരമായിരിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: US intelligence agency warns that Iran may attack Israel at any moment

We use cookies to give you the best possible experience. Learn more