വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും ഉന്നത സഹായികള്‍ക്കുമെതിരെ മയക്കുമരുന്ന്-തീവ്രവാദ കുറ്റം ചുമത്തി അമേരിക്ക. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 15 മില്യണ്‍ ഡോളര്‍ പാരിതോഷികവും യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്.
‘ദ കാര്‍ട്ടല്‍ ഓഫ് ദി സണ്‍സ്’ എന്ന കൊക്കെയ്ന്‍ കടത്ത് സംഘത്തെ മഡുറോ നയിച്ചതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ആരോപിച്ചു.
രണ്ട് പതിറ്റാണ്ടിനിടെ നൂറുകണക്കിന് ടണ്‍ മയക്കുമരുന്ന് യു.എസിലേക്ക് കയറ്റി അയക്കുക വഴി കോടിക്കണക്കിന് ഡോളര്‍ മഡുറോയും സംഘവും സമ്പാദിച്ചെന്നും യു.എസ് ജസ്റ്റിസ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു.
കൊളംബിയയിലെ വിമത വിപ്ലവ സായുധ സേനയുമായി കൈകോര്‍ത്താണ് ദ കാര്‍ട്ടല്‍ ഓഫ് ദ സണ്‍സ് എന്ന കൊക്കെയ്ന്‍ കടത്ത് സംഘം പ്രവര്‍ത്തിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമേരിക്കയെ ”തീവ്രവാദ സംഘടന” എന്ന് മുദ്രകുത്തിയവരാണ് കൊളംബിയയിലെ വിമത വിപ്ലവ സായുധ സേനയെന്നും യു.എസ് ആരോപിച്ചു.
ആഗോള ഉപരോധത്തിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മഡുറോ യു.എസ് ജനതയെ തകര്‍ക്കാന്‍ കൊക്കെയ്ന്‍ ഒരു ആയുധമായി ഉപയോഗിച്ചുവെന്ന് യു.എസ് അധികൃതര്‍ ആരോപിച്ചു.
”20 വര്‍ഷത്തിലേറെയായി, മഡുറോയും നിരവധി ഉന്നത സഹപ്രവര്‍ത്തകരും കൊളംബിയയിലെ റിബല്‍ റെവല്യൂഷണറി ആര്‍മ്ഡ് ഫോഴ്‌സുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും അവരുമായി ചേര്‍ന്ന് ടണ്‍ കണക്കിന് കൊക്കെയ്ന്‍ അമേരിക്കയില്‍ എത്തിക്കുകയുമായിരുന്നു. യു.എസിനെ തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍”, യു.എസ് അറ്റോര്‍ണി ജനറല്‍ ബില്‍ ബാര്‍ പറഞ്ഞു.
ഈ ഭരണകൂടം എന്താണെന്ന് അവരെ അറിയിക്കാന്‍ സമയമായെന്നും അഴിമതിയിലും കുറ്റകൃത്യത്തിലും മുങ്ങിയ ഭരണകൂടമാണ് മഡുറോയുടേതെന്നും അദ്ദേഹം ആരോപിച്ചു.