|

ഗുർപത്വന്ത്‌ സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത് ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനെന്ന് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ന്യൂയോർക്കിൽ ഖലിസ്ഥാൻ വാദി നേതാവ് ഗുർപത്വന്ത്‌ സിങ് പന്നുവിനെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുകയും പദ്ധതി നിർദേശിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനെതിരെ യു.എസ്.

പദ്ധതിയിൽ മറ്റൊരു ഇന്ത്യൻ പൗരനും പങ്കുണ്ടെന്ന് യു.എസ് നീതിന്യായ വകുപ്പ് ഫെഡറൽ കോടതിയിൽ അറിയിച്ചു. ഇവർക്കൊപ്പം യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ചേർന്നിരുന്നു. ഇതിലൂടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

നിക്ക് എന്നറിയപ്പെടുന്ന നിഖിൽ ഗുപ്ത എന്ന ഇന്ത്യൻ പൗരനെ ചെക്ക് അധികൃതർ വാടക കൊലയാളിയെ ചുമതലപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഈ വർഷം ജൂൺ 30ന് അറസ്റ്റ് ചെയ്തുവെന്ന് യു.എസ് ഉദ്യോഗസ്ഥർ ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് രണ്ട് കുറ്റകൃത്യങ്ങളും.

ഇന്ത്യൻ സർക്കാർ ഏജൻസി ഉദ്യോഗസ്ഥനെ സി.സി-1 എന്നാണ് യു.എസ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പരാമർശിച്ചത്. സുരക്ഷാ മാനേജ്മെന്റിന്റെയും ഇന്റലിജൻസിന്റെയും ചുമതലയുള്ള സീനിയർ ഫീൽഡ് ഓഫിസർ എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത് എന്നും കുറ്റപത്രത്തിൽ പറയുന്നു.

ഇയാൾ നേരത്തെ സി.ആർ.പി.എഫിൽ ജോലി ചെയ്തിരുന്നുവെന്നും ആയുധങ്ങളിലും യുദ്ധ വിമാനങ്ങളിലും പരിശീലനം ലഭിച്ചിരുന്നതായും ആരോപണമുണ്ട്.

ഈ വർഷം മേയ് മാസത്തിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥൻ പന്നുവിനെ കൊലപ്പെടുത്താൻ ഗുപ്തയെ നിയോഗിച്ചതെന്നും മറ്റൊരാളുടെ സഹായം തേടുവാൻ അവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇയാൾ യു.എസ് ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു.

പന്നുവിനെ കൊലപ്പെടുത്താൻ യു.എസ് ഉദ്യോഗസ്ഥന് 1,00,000 ഡോളർ നൽകുവാൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ സമ്മതിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

യുഎസ് ഇന്ത്യൻ ഉദ്യോഗസ്ഥർ തമ്മിൽ യോഗങ്ങൾ നടത്തുന്ന സമയം കൊലപാതകം നടത്തരുതെന്നും ഈ സമയത്ത് യു.എസ് മണ്ണിൽ പന്നു കൊല്ലപ്പെട്ടാൽ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമാകുമെന്നും ഗുപ്ത യു.എസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകിയിരുന്നു.

പന്നുവിനെ കൊലപ്പെടുത്തിയാൽ ഭാവിയിൽ വേറെയും ‘ജോലികൾ’ ലഭിക്കുമെന്നും പന്നുവിനെ പോലെയുള്ള വേറെയും ആളുകളുണ്ടെന്നും ഗുപ്ത പറഞ്ഞിരുന്നു.

ജൂൺ 18ന് കാനഡയിൽ ഹർദ്ദിപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനു ശേഷം ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗുപ്തക്ക് കാറിനകത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിജ്ജാറിന്റെ വീഡിയോ അയച്ചു കൊടുത്തിരുന്നു. ഗുപ്ത ഈ വീഡിയോ യു.എസ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുകയും നിജ്ജാർ തങ്ങളുടെ പട്ടികയിലെ നാലാമത്തെ ആൾ മാത്രമായിരുന്നു എന്നു പറയുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Content Highlight: US indicts Indian in ‘plot to kill’ Gurpatwant Singh Pannun — ‘on directions of Indian govt employee’

Video Stories