| Friday, 2nd February 2024, 9:52 am

വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമം; ഇസ്രഈല്‍ കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ ആക്രമിക്കുന്ന ഇസ്രഈല്‍ കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

വെസ്റ്റ് ബാങ്കിലെ തീവ്രവാദ കുടിയേറ്റക്കാരുടെ അക്രമം അസഹനീയമായ തലത്തില്‍ എത്തിയിട്ടുണ്ടെന്നും വെസ്റ്റ് ബാങ്ക്, ഗസ, ഇസ്രഈല്‍, പശ്ചിമേഷ്യ എന്നിവയുടെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കുടിയേറ്റാക്രമണം ഗുരുതരമായ ഭീഷണിയാണെന്നും ഉത്തരവില്‍ ജോ ബൈഡന്‍ പറഞ്ഞു.

ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതോടെ വെസ്റ്റ് ബാങ്കിലെ അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും അതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ജോ ബൈഡന്‍ പുറപ്പെടുവിച്ച ഉത്തരവിന് സാധിക്കുമെന്നും ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫലസ്തീനികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട നാല് ഇസ്രഈലി കുടിയേറ്റക്കാരെ ഭരണകൂടം പ്രത്യേകമായി ചോദ്യം ചെയ്യുമെന്ന് ഉത്തരവില്‍ പറയുന്നു. ഒരു ഫലസ്തീന്‍ പൗരനെ ഇസ്രഈലി കുടിയേറ്റക്കാര്‍ കൊലപ്പെടുത്തുകയും വെസ്റ്റ് ബാങ്ക് നിവാസികളുടെ കാറുകള്‍ക്ക് തീയിടുകയും ചെയ്ത സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

വെസ്റ്റ് ബാങ്കില്‍ അതിക്രമം നടത്തുന്ന ഇസ്രഈല്‍ കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ ഉള്ള എല്ലാ വിധത്തിലുള്ള സ്വത്തുക്കളും താത്പര്യങ്ങളും ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തടയപ്പെടുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ അംഗീകരിക്കപ്പെട്ട വ്യകതികള്‍ക്ക് സംഭാവന നല്‍കുന്നതിലും ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകളുടെ കൈമാറ്റവും നിയന്ത്രിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാമ്പത്തിക ഉപരോധത്തിന് പുറമെ ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ വിസാ നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ വാഷിങ്ടണ്‍ തീരുമാനിച്ചതായി യു.എസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2023 ഡിസംബര്‍ മുതല്‍ ഇസ്രഈല്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ അതിക്രമങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് അമേരിക്ക വിസാ നിരോധനം ഏര്‍പ്പെടുത്താന്‍ തുടങ്ങിയിരുന്നു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 26,637 ആയി വര്‍ധിച്ചുവെന്നും 65,387 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: US imposes sanctions on Israeli immigrants

We use cookies to give you the best possible experience. Learn more