ബാഗ്ദാദ്: ഇറാനെ ഉപരോധത്തിലാക്കി സമ്മര്‍ദത്തിലാക്കുക എന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായി അയല്‍രാജ്യമായ ഇറാനില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഇറാഖിനെ അനുവദിച്ച ഉപരോധ ഇളവ് അമേരിക്ക അവസാനിപ്പിച്ചു.
ഇറാന് സാമ്പത്തികമായതോ മറ്റ് വിധത്തിലുള്ള ഇളവുകളോ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് വൈദ്യുതക്കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കുറയ്ക്കുക, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് തടയുക എന്നിവയാണ് പ്രസിഡന്റിന്റെ സമ്മര്‍ദ തന്ത്രത്തിന്റെ ലക്ഷ്യം,’ ബാഗ്ദാദിലെ യു.എസ് എംബസി വക്താവ് പറഞ്ഞു. എത്രയും വേഗം ഇറാനിയന്‍ ഊര്‍ജ സ്രോതസുകളെ ആശ്രയിക്കുന്നത് നിര്‍ത്താനും അദേഹം ഇറാഖിനോട് ആവശ്യപ്പെട്ടു.
2015ല്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴില്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാര്‍ ട്രംപ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് , 2018ല്‍ അമേരിക്ക ഇറാനില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയത്താണ് ഇറാഖിന് വൈദ്യുതി വാങ്ങുന്നതില്‍ ഇളവ് ലഭിച്ചത്. എന്നാല്‍ അന്ന് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങള്‍ക്കതും ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ജനുവരിയില്‍ യു.എസ് പ്രസിഡന്റായി രണ്ടാം തവണയും വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയശേഷം, ഇറാനെതിരെ പരമാവധി സമ്മര്‍ദം ചെലുത്താനാണ് ട്രംപ് ശ്രമിക്കുന്നത്.
എന്നാല്‍ അമേരിക്കയുടെ നിര്‍ദേശം ഉണ്ടെങ്കിലും ഇറാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ ഇറാഖിന് അത്ര എളുപ്പമുള്ള കാര്യമല്ല. എണ്ണ, ഗ്യാസ് സമ്പത്ത് ഉണ്ടായിരുന്നിട്ടും, യുദ്ധം, അഴിമതി, കെടുകാര്യസ്ഥത എന്നിവ കാരണം ഇറാഖ് പതിറ്റാണ്ടുകളായി വൈദ്യുതി ക്ഷാമം നേരിടുന്നുണ്ട്. അതിനാല്‍ ഇറാനിയന്‍ ഗ്യാസിനേയും വൈദ്യുതിയെയും അവര്‍ വളരെയധികം ആശ്രയിക്കുന്നുണ്ട്.
ഇറാഖിലെ വൈദ്യുതി ഉപഭോഗത്തിന്റെ നാല് ശതമാനം മാത്രമാണ് ഇറാനില്‍ നിന്നുള്ള വൈദ്യുതി ഇറക്കുമതി എന്നാണ് യു.എസ് എംബസി വാദിക്കുന്നത്.
എന്നാല്‍ ഗ്യാസ് ഇറക്കുമതിയടക്കം നിരോധിക്കുകയാണെങ്കില്‍, ഇറാഖിന് 30 ശതമാനത്തിലധികം വൈദ്യുതി നഷ്ടപ്പെടുമെന്ന് ഇറാഖ് വൈദ്യുതി മന്ത്രാലയത്തിന്റെ വക്താവ് അഹമ്മദ് മൂസ പറഞ്ഞു, അതിനാല്‍ സര്‍ക്കാര്‍ ബദലുകള്‍ തേടുകയാണ്.
ആണവ കരാറില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ട് ഇറാന്‍ നേതൃത്വത്തിന് കത്തെഴുതിയതായി ട്രംപ് പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇളവ് പിന്‍വലിക്കാനുള്ള യു.എസ് ഭരണകൂടത്തിന്റെ തീരുമാനം വരുന്നത്. ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയെങ്കിലും അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് പരമോന്നത നേതാവ് ആയത്തുള്ള ഖമനേനി അറിയിച്ചത്.
Content Highlight: US imposes sanctions on Iran; Iraq banned from buying electricity from Iran