| Wednesday, 20th December 2023, 4:32 pm

സെന്‍സിറ്റീവ് ഉപകരണങ്ങളുടെ കയറ്റുമതി നിയന്ത്രണം ലംഘിച്ച ശൃംഖലക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സെന്‍സിറ്റീവ് ഉപകരണങ്ങളുടെ കയറ്റുമതി നിയന്ത്രണം ലംഘിച്ച ശൃംഖലക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഡ്രോണുകള്‍ നിര്‍മിക്കുന്നതിനുള്ള ആവശ്യ വസ്തുക്കള്‍ ഇറാനിലേക്ക് കയറ്റുമതി ചെയ്തതിലൂടെയാണ് കമ്പനി നിയന്ത്രണം ലംഘിച്ചിട്ടുള്ളത്. ഇറാനിയന്‍ സെന്‍സിറ്റീവ് ഉപകരണങ്ങള്‍ കൈമാറുന്നതിനായുള്ള വിദേശ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന വെബിനെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇറാന്‍ ആസ്ഥാനമായുള്ള ശൃംഖലയുടെ നേതാവെന്ന് ആരോപിക്കപ്പെടുന്ന ഹുസൈന്‍ ഹതേഫി അര്‍ദകാനിക്കെതിരെയും യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം ചുമത്തിയിട്ടുണ്ട്. യു.എസ് നിര്‍മിത മൈക്രോ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഇറാനിലേക്ക് അനധികൃതമായി എത്തിക്കാനും കയറ്റുമതി ചെയ്യാനും ഗൂഢാലോചന നടത്തിയെന്നാണ് അര്‍ദകാനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

യു.എസ് ഏര്‍പ്പെടുത്തിയ സെന്‍സിറ്റീവ് ഉപകരണങ്ങളുടെ കയറ്റുമതി നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അര്‍ദകാനിയും ഗാരി ലാം എന്ന ചൈനീസ് പൗരനും അദ്ദേഹത്തിന്റെ ഗൂഢാലോചനക്കാരും വിദേശ കമ്പനികളെ ഉപയോഗിച്ചതായാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്.

കൂടാതെ മറ്റു 10 സ്ഥാപനങ്ങളെയും നാല് വ്യക്തികളെയും ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഉപരോധമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍, മലേഷ്യ, ഹോങ്കോങ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഇടനില കമ്പനികള്‍, മുന്‍നിര കമ്പനികള്‍, ലോജിസ്റ്റിക് ബിസിനസുകള്‍ തുടങ്ങിയവയെ അമേരിക്ക ഉപരോധത്തില്‍ ഉള്‍പെടുത്തുമെന്നാണ് വിലയിരുത്തല്‍.

സൈബര്‍ യുദ്ധ ഉപകരണങ്ങളും ആയുധങ്ങളും നിര്‍മിക്കുന്ന ഇറാനിയന്‍ സംഘടനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് എയ്റോസ്പേസ് ഫോഴ്സ് സ്വാശ്രയ ജിഹാദ് ഓര്‍ഗനൈസേഷന് വേണ്ടി ലക്ഷക്കണക്കിന് വിലമതിക്കുന്ന വിദേശ വസ്തുക്കള്‍ കമ്പനി ശേഖരിച്ചതായി യു.എസ് ആരോപിച്ചു.

പശ്ചിമേഷ്യയിലെയും ഉക്രൈനിലെയും യുദ്ധങ്ങളില്‍ പങ്കെടുത്ത രാജ്യങ്ങള്‍ ഇറാനിയന്‍ നിര്‍മിതമായ ആളില്ലാ വിമാനങ്ങള്‍ (യു.എ.വി) ഉപയോഗിച്ചിട്ടുണ്ടെന്നും അമേരിക്ക അവകാശവാദം ഉന്നയിച്ചു.

Content Highlight: US imposes sanctions on chain for violating export controls on sensitive equipment

We use cookies to give you the best possible experience. Learn more