|

ഹമാസ് ബന്ധവും ജൂതവിരുദ്ധതയും ആരോപിച്ച് ഇന്ത്യന്‍ വംശജനായ സ്‌കോളറെ കസ്റ്റഡിയിലെടുത്ത് യു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിയെ യു.എസ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് വെച്ചാണ് സുരിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹസന്‍ അഹമ്മദ് പറഞ്ഞു.

ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയവരാണ് സുരിയെ അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞ അഭിഭാഷകന്‍, സര്‍ക്കാര്‍ സുരിയുടെ വിസ റദ്ദാക്കിയതായി തന്നോട് പറഞ്ഞതായും വ്യക്തമാക്കി. അതേസമയം സുരിയെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലോഫ്‌ലിന്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സുരി സോഷ്യല്‍ മീഡിയ വഴി ഹമാസിനായി പ്രചാരണം നടത്തിയതായും ജൂതവിരുദ്ധത പ്രോത്സാഹിപ്പിച്ചതായും ആരോപിക്കുന്നുണ്ട്. സുരിയുമായി ബന്ധമുള്ള ഒരാള്‍ ഹമാസിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ആണെന്നും ട്രീസിയ മക് ലോഹന്‍ തന്റെ പോസ്റ്റിലൂടെ ആരോപിച്ചു.

ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ പ്രൊഫൈല്‍ അനുസരിച്ച് സര്‍വകലാശാലയിലെ അല്‍വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്‌ലിം-ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ സുരി പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആണ്. അതേസമയം സുരിയെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് അറിയിച്ചിട്ടില്ലെന്ന് ജോര്‍ജ് ടൗണ്‍ സര്‍വകലാശാല വ്യക്തമാക്കി.

2020ല്‍ ന്യൂദല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് പീസ് ആന്‍ഡ് കോണ്‍ഫ്‌ളിക്ട് സ്റ്റഡീസില്‍ നിന്നാണ് സുരി പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.

അതേസമയം സുരിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് അദ്ദേഹത്തിന്റെ ഹരജിയില്‍ പറയുന്നുണ്ട്. ഇതിന് പുറമെ സുരിയുടെ പങ്കാളി ഫലസ്തീന്‍ പാരമ്പര്യമുള്ളയാളാണെന്നും ഇരുവരും ഇസ്രഈലിനോടുള്ള യു.എസ് വിദേശനയത്തിന് എതിരാണെന്ന് സര്‍ക്കാര്‍ സംശയിക്കുന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഫലസ്തീനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ പലപ്പോഴും അജ്ഞാതമായ തീവ്ര വലതുപക്ഷ വെബ്‌സൈറ്റുകളില്‍ നിന്ന് ദമ്പതികള്‍ക്കെതിരെ ആക്രമണമുണ്ടാവാറുണ്ട്. സുരിയുടെ പങ്കാളി മാഫെസ് സാലെ മുമ്പ് അല്‍ ജസീറയില്‍ ജോലി ചെയ്തിരുന്നു. ഇവര്‍ക്കും ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.

Content Highlight: US immigration officials detain Indian-origin scholar for alleged Hamas ties and anti-Semitism

Video Stories