| Thursday, 16th November 2023, 6:07 pm

'ഇസ്രഈൽ നടപടികളിൽ യു.എസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് എതിർപ്പുണ്ട്; വിവാദം ഭയന്ന് അവർ നിശബ്ദത പാലിക്കുകയാണ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഇസ്രഈലിന്റെ യുദ്ധകുറ്റങ്ങളെ യു.എസ് അവഗണിക്കുന്നതും ഇസ്രഈലിന് ആയുധങ്ങൾ നൽകുന്നതിനുമെതിരെയുള്ള എതിർപ്പുകൾ അടിച്ചമർത്തുന്നതും ആഭ്യന്തര നയങ്ങളിലെ ആശങ്കകൾ കാരണമാണെന്ന് മുൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ.

ഇസ്രഈൽ സേനയുടെ നടപടികളിൽ നിരവധി ഉദ്യോഗസ്ഥർ അസ്വസ്ഥരാണെന്നും എന്നാൽ ആയുധ കൈമാറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് നേരെ അവർ കണ്ണടക്കുകയാണെന്നും 11 വർഷത്തോളം യു.എസിന്റെ രാഷ്ട്രീയ, സൈനിക ബ്യൂറോയിൽ പബ്ലിക് അഫയേഴ്‌സ് ഡയറക്ടർ ആയിരുന്ന ജോഷ് പോൾ പറഞ്ഞു.

‘ഗസയിൽ ഇപ്പോൾ ഇസ്രഈൽ യുദ്ധക്കുറ്റമാണ് നടത്തുന്നത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇത് എന്റെ മാത്രം അഭിപ്രായമല്ല. ഉയർന്ന തസ്തികയിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഞാൻ അത് കേട്ടിട്ടുണ്ട്. പക്ഷേ അത് പൊതുമധ്യത്തിൽ പറയാൻ അവർ തയ്യാറല്ല,’ ജോഷ് പോൾ പറഞ്ഞു.

ഇസ്രഈലിന് യു.എസ് നൽകിയ പിന്തുണയിൽ പ്രതിഷേധിച്ച് ജോഷ് പോൾ രാജി വെച്ചത് അമേരിക്കയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

‘ഇസ്രഈലിനെ വിമർശിക്കുന്നത് വിവാദങ്ങൾക്ക് കാരണമാകുമെന്ന് ഭയന്നാണ് പല രാഷ്ട്രീയക്കാരും മൗനം പാലിക്കുന്നത്, പ്രത്യേകിച്ച് കോൺഗ്രസിൽ. തങ്ങൾ സ്വകാര്യമായി വിശ്വസിക്കുന്ന കാര്യം പൊതുമധ്യത്തിൽ പറയാൻ അവർ മടിക്കുന്നു,’ ജോഷ് പോൾ പറഞ്ഞു.

ആയുധകൈമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ ദുർബലമായതിനാൽ നിയമജ്ഞർക്ക് ഇഷ്ടമുള്ളത് പോലെ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നു. ഇസ്രഈൽ സേന ഗസയിൽ മനുഷ്യാവകാശ ലംഘനം നടത്തിയോ എന്ന് തീരുമാനിക്കേണ്ട എന്ന് അവർ നിശ്ചയിക്കുകയും ചെയ്യുന്നു.

ഒരുപാട് സിവിലിയന്മാർ കൊല്ലപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും യു.എസ് ആയുധങ്ങൾ വിതരണം ചെയ്തുകൊണ്ടിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlight: US ignores Israeli ‘war crimes’ for domestic policy concerns, says former official

We use cookies to give you the best possible experience. Learn more