ഏകപക്ഷീയ തീരുമാനം വേണ്ട; ഇറാനെതിരായ സൈനിക നടപടിയില്‍ ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തി യു.എസില്‍ പ്രമേയം
World News
ഏകപക്ഷീയ തീരുമാനം വേണ്ട; ഇറാനെതിരായ സൈനിക നടപടിയില്‍ ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തി യു.എസില്‍ പ്രമേയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2020, 9:25 am

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തി യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് പ്രമേയം പാസാക്കി. ഇറാനെതിരായ സൈനിക ആക്രമണത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് പ്രമേയം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോട് കൂടി കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ട്രംപിന് സ്വന്തം നിലയില്‍ സൈനിക നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കില്ല.

ഡെമോക്രാറ്റിക് ഭൂരിപക്ഷ സഭയില്‍ പ്രമേയം പാസായെങ്കിലും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രമേയം വിജയിക്കാന്‍ പ്രയാസമായിരിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് പ്രതിനിധി എലിസ സ്ലോട്ട്കിനാണ് പ്രമേയം ഹൗസ് ഓഫ് റപ്രസേന്റേറ്റീവ്‌സില്‍ അവതരിപ്പിച്ചത്.

ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ സൈനികാധികാരം പരിമിതപ്പെടുത്തുന്ന പ്രമേയം ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ അവതരിപ്പിക്കപ്പെട്ടത്.


ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ച ട്രംപിന്റെ നടപടി അനാവശ്യമാണെന്ന് അഭിപ്രായം അമേരിക്കന്‍ ഡെമോക്രാറ്റുകള്‍ക്കിടയിലുണ്ട്. യു.എസ് കോണ്‍ഗ്രസിനോട് ആലോചിക്കാതെയുള്ള ട്രംപിന്റെ ഏകപക്ഷീയ നടപടി പക്വതയില്ലാത്തതാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ