| Thursday, 25th April 2024, 3:16 pm

ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധങ്ങൾ തടയാന്‍ നാഷണല്‍ ഗാര്‍ഡിനെ ഉപയോഗിക്കുമെന്ന് യു.എസ് ഹൗസ് സ്പീക്കറുടെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍വകലാശാലകളിലെ ഫലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ നാഷണല്‍ ഗാര്‍ഡിനെ ഉപയോഗിക്കുമെന്ന് യു.എസ് ഹൗസ് സ്പീക്കറുടെ ഭീഷണി. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍ മൈക്ക് ജോണ്‍സനാണ് ഭീഷണി ഉയര്‍ത്തിയത്.

കൊളംബിയ സര്‍വകലാശാലയില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ തടയുന്നതില്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് മിനൗഷെ ഷാഫിക്ക് പരാജയപ്പെട്ടുവെന്ന് ലോ ലൈബ്രറിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ റിപ്പബ്ലിക്കന്‍ സ്പീക്കറും ഹൗസ് അംഗങ്ങളും കുറ്റപ്പെടുത്തി.

‘ഞങ്ങളുടെ ക്യാമ്പസുകളില്‍ ഇത്തരത്തിലുള്ള വിദ്വേഷവും യഹൂദ വിരുദ്ധതവുമായ കാര്യങ്ങള്‍ തഴച്ചുവളരാന്‍ അനുവദിക്കില്ല. ഇവയെ നിയമങ്ങളുടെ പരിധിക്കുള്ളില്‍ നിര്‍ത്തണം. ഇത്തരത്തില്‍ അതിക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യുകയും വേണം,’ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ജി.ഒ.പി പ്രതിനിധി മൈക്ക് ലോലര്‍, നിക്കോള്‍ മല്ലിയോട്ടാക്കിസ്, ആന്റണി ഡി. എസ്‌പോസിറ്റോ, നോര്‍ത്ത് കരോലിനയിലെ വിര്‍ജീനിയ ഫോക്‌സ് എന്നിവരും ഹൗസ് സ്പീക്കറോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

അമേരിക്കയിലെ ക്യാമ്പസുകളില്‍ ഇസ്രഈല്‍ വിരുദ്ധ നടപടികള്‍ സ്വീകരിച്ചവര്‍ ജൂത വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.

അതേസമയം കൊളംബിയ സര്‍വകലാശാലയില്‍ ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ജൂതവിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ നിന്ന് പുറത്തുപോകണമെന്ന് ജൂത പുരോഹിതര്‍ നിര്‍ദേശിച്ചിരുന്നു. ഇസ്രഈല്‍ വിരുദ്ധ, ഫലസ്തീന്‍ അനുകൂല സമരം ശക്തമായതിനെയ തുടര്‍ന്ന് ക്യാമ്പസില്‍ നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവെക്കുകയും വെര്‍ച്വല്‍ ക്ലാസുകള്‍ മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു.

അഞ്ച് ദിവസത്തോളം ക്യാമ്പസില്‍ ഫലസ്തീനെ അനുകൂലിച്ച് കൊണ്ടും ഇസ്രഈലിനെതിരായും വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ പ്രതിഷേധക്കാരും ജൂത വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു.

നൂറിലേറെ വിദ്യാര്‍ത്ഥികളെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത് പ്രശ്നം വഷളാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജുതവിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് ജൂത പുരോഹിതര്‍ നിര്‍ദേശം നല്‍കിയത്.

Content Highlight: US House Speaker Threatens to Use National Guard to Stop Pro-Palestinian Students

We use cookies to give you the best possible experience. Learn more