|

ഏഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങി യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി; തായ്‌വാന്‍ സന്ദര്‍ശനം സംബന്ധിച്ച് പരാമര്‍ശമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കക്കും ചൈനക്കുമിടയില്‍ തായ്‌വാന്‍ വീണ്ടും ഒരു വിഷയമായിരിക്കുകയാണ്.

യു.എസിന്റെ ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സ്പീക്കറായ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ചൈനയുടെ ഭാഗത്ത് നിന്നും ശക്തമായ ഭാഷയില്‍ അമേരിക്കക്ക് നേരെ മുന്നറിയിപ്പുകള്‍ വന്നത്.

ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പെലോസിയുടെ ഏഷ്യന്‍ സന്ദര്‍ശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അവരുടെ ഓഫീസില്‍ നിന്നും പുറത്തുവിട്ടിട്ടുണ്ട്.

ഞായറാഴ്ച മുതല്‍ തുടങ്ങുന്ന സന്ദര്‍ശനത്തില്‍ നാന്‍സി പെലോസി നാല് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് അവരുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ തായ്‌വാന്‍ സന്ദര്‍ശനം സംബന്ധിച്ച് ഈ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നില്ല.

ഇതാണ് സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിരിക്കുന്നത്. ചൈനക്കും അമേരിക്കക്കുമിടയില്‍ വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെ തായ്‌വാന്‍ സന്ദര്‍ശനലക്ഷ്യം പെലോസി ഉപേക്ഷിച്ചുവോ എന്നാണ് ഉയരുന്ന സംശയം.

സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എസ് സ്പീക്കര്‍ സന്ദര്‍ശിക്കുന്നത്.

”സ്പീക്കര്‍ നാന്‍സി പെലോസി, സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം ഇന്തോ- പസഫിക് മേഖലയിലേക്കുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ നയിക്കും.

ഇന്തോ- പസഫിക് മേഖലയിലെ പരസ്പര സുരക്ഷ, സാമ്പത്തിക പങ്കാളിത്തം, ജനാധിപത്യ ഭരണസംവിധാനം എന്നിവയിലായിരിക്കും ഈ സന്ദര്‍ശനം ശ്രദ്ധ കേന്ദ്രീകരിക്കുക,” പെലോസിയുടെ ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം, വിഷയത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും പ്രകോപനപരമായ ഭാഷയിലായിരുന്നു യു.എസിന് നേരെ മുന്നറിയിപ്പുകള്‍ വന്നത്.

യു.എസ് സ്പീക്കറുടെ തായ്‌വാന്‍ സന്ദര്‍ശന തീരുമാനം അപകടകരമാണെന്നും അത് സംഭവിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്ക നേരിടേണ്ടി വരുമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവൊ ലിജ്യാന്‍ പറഞ്ഞത്. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ നേരിടാന്‍ ചൈന സ്വയം തയാറെടുക്കുകയാണെന്നും ലിജ്യാന്‍ പ്രതികരിച്ചു.

പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും തമ്മില്‍ നടത്തിയ വിര്‍ച്വല്‍ സംഭാഷണത്തിലും തായ്‌വാന്‍ വിഷയമായി വന്നിരുന്നു.

‘തീ കൊണ്ട് കളിക്കേണ്ട, അങ്ങനെ ചെയ്യുന്നവര്‍ അതില്‍ തന്നെ നശിച്ചുപോകും. യു.എസ് അത് പൂര്‍ണമായും മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ചൈനീസ് സ്റ്റേറ്റ് മീഡിയയായ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യു.എസിന്റെ അടുത്ത പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ സാധ്യത കല്‍പിക്കപ്പെടുന്ന നേതാവ് കൂടിയാണ് നാന്‍സി പെലോസി.

Content Highlight: US house speaker Nancy Pelosi’s office says she will visit four Asian countries, but no mention of Taiwan