234 വര്‍ഷത്തെ ചരിത്രത്തിലാദ്യം; യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ പുറത്താക്കി
വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ പുറത്താക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. സര്‍ക്കാരിന്റെ അടിയന്തര ഫണ്ടിങ് ബില്‍ പാസാക്കുന്നതിന് ഡെമോക്രേറ്റ് അംഗങ്ങളുടെ പിന്തുണ തേടിയ മക്കാര്‍ത്തിയെ വോട്ടെടുപ്പിലൂടെ പുറത്താക്കുകയായിരുന്നു.
സ്പീക്കറുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെയാണ് മക്കാര്‍ത്തിക്കെതിരെ പ്രമേയം കൊണ്ടുവന്നത്. 216 പേര്‍ മക്കാര്‍ത്തിയെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 210 പേര്‍ എതിര്‍ത്തു.
അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ ഇത്തരത്തില്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ 55ാം സ്പീക്കറായി മക്കാര്‍ത്തി തെരഞ്ഞെടുക്കപ്പെടുന്നത്.
2019 മുതല്‍ അമേരിക്കന്‍ പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്മാരുടെ നേതാവായിരുന്നു മക്കാര്‍ത്തി. ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി സ്ഥാനം ഒഴിഞ്ഞതോടെ മക്കാര്‍ത്തി സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെടുകയായിരുന്നു.
അതേസമയം, മക്കാര്‍ത്തി പുറത്തായതോടെ നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പാട്രിക് മക്‌ഹെന്റിയാണ് താല്‍കാലികമായി സഭയെ നയിക്കുന്നത്. മക്കാര്‍ത്തിയുടെ സഖ്യകക്ഷികളില്‍ ഒരാളായ മക്‌ഹെന്റി സ്പീക്കര്‍ പ്രോ ടെംപോര്‍ എന്നാണ് അറിയപ്പെടുന്നത്. ഹൗസ് സ്പീക്കറെ സംബന്ധിച്ച് പ്രോ ടേം സ്പീക്കര്‍ക്ക് വളരെ കുറഞ്ഞ അധികാരങ്ങളാണുള്ളത്. എന്നാല്‍ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ പാട്രിക് മക്‌ഹെന്റി അധ്യക്ഷനാകും.
Content Highlights: US House Speaker Kevin McCarthy Ousted In Historic Vote