വാഷിംഗ്ടണ്‍: പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ അമേരിക്കയില്‍ പൊലീസ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ജോര്‍ജ് ഫ്‌ളോയിഡ് ജസ്റ്റിസ് ഇന്‍ പൊലീസിങ്ങ് ആക്ട് പാസാക്കി. യു.എസ് ജനപ്രതിനിധി സഭയിലാണ് നിയമം പാസായത്.
രണ്ട് ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ത്ത് സഭയില്‍ വോട്ട് രേഖപ്പെടുത്തി. ജാരദ് ഗോള്‍ഡനും, റോണ്‍ കിന്‍ഡുമാണ് ബില്ലിനെ എതിര്‍ത്തത്.
ബില്ലിന് അനുകൂലമായി ഒരു റിപ്പബ്ലിക്കന്‍ പ്രതിനിധിയും വോട്ട് ചെയ്തു. ലാന്‍സ് ഗൂഡനാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. താന്‍ തെറ്റായ ബട്ടണ്‍ അമര്‍ത്തിപ്പോയി എന്നാണ് വോട്ടെടുപ്പിന് പിന്നാലെ ഗുഡന്‍ ട്വീറ്റ് ചെയ്തത്. വോട്ട് പിന്‍വലിക്കണമെന്ന് സഭയില്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം തന്നെ പൊലീസിന്റെ നടപടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ബില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യു.എസ് ജനപ്രതിനിധി സഭയില്‍ പാസായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റ് ബില്ലിനെ എതിര്‍ക്കുകയായിരുന്നു.
ശ്വാസം മുട്ടിക്കുന്ന വിധത്തില്‍ ഒരാളുടെ കഴുത്തില്‍ ചുറ്റിപ്പിടിക്കുന്ന തരത്തിലുള്ള ചോക്ക് ഹോള്‍ഡുകളെ നിരോധിക്കുകയും വംശീയവും മതപരവുമായ വിദ്വേഷ പ്രവൃത്തിക്കളെ അവസാനിപ്പിക്കാനുമാണ് ജോര്‍ജ് ഫ്‌ളോയിഡ് നിയമം പ്രധാനമായി ലക്ഷ്യമിടുന്നത്.
പൊലീസിന്റെ ദുരാചാരങ്ങള്‍ കണ്ടെത്തുന്നതിന് ഒരു ദേശീയ ഡാറ്റാബേസ് സ്ഥാപിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പൊലീസ് ഉദ്യോഗസ്ഥരെ സിവില്‍, ക്രിമിനല്‍ കോടതികളില്‍ എളുപ്പത്തില്‍ വിചാരണ ചെയ്യാനുള്ള വ്യവസ്ഥയും ബില്ലില്‍ കൊണ്ടുവന്നിട്ടുണ്ട്.
നിയമപാലകരും ജനങ്ങളും തമ്മിലുള്ള വിശ്വാസം പുനര്‍നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഫ്‌ളോയിഡ് സഭയില്‍ പറഞ്ഞു. അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് മിനിയാപോളിസില്‍ പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് പിന്നാലെ ബൈഡന്‍ പറഞ്ഞിരുന്നു.