| Friday, 22nd November 2024, 10:26 am

ചാരിറ്റിസംഘടനകളെയും ഫലസ്തീൻ അനുകൂല ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടുള്ള ബിൽ പാസാക്കി യു.എസ് ഹൗസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഫലസ്തീനികളെയും ഹമാസിനെയും പിന്തുണക്കുന്ന ചാരിറ്റി സംഘടനകളെയും മറ്റ് ഫലസ്തീൻ അനുകൂല സംഘടനകളെയും ലക്ഷ്യമിട്ടുള്ള ബിൽ യു.എസ്  ഹൗസ് പാസാക്കി. ഈ സംഘടനകളെ ശിക്ഷിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഒരു ബിൽ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള യു.എസ് ഹൗസ് വ്യാഴാഴ്ച പാസാക്കുകയായിരുന്നു.

എച്ച്.ആർ 9495, സ്റ്റോപ്പ് ടെറർ-ഫിനാൻസിങ് ആൻഡ് ടാക്സ് പെനാൽറ്റി ഓൺ അമേരിക്കൻ ഹോസ്റ്റജസ് ആക്ട് ആണ് സഭ പാസാക്കിയത്. 219-184 വോട്ടിനായിരുന്നു നിയമം സഭ പാസാക്കിയത്. പതിനഞ്ച് ഡെമോക്രാറ്റുകൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരു റിപ്പബ്ലിക്കൻ എതിർത്തും വോട്ട് ചെയ്തു.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഫലസ്തീൻ അനുകൂല ഗ്രൂപ്പുകളുടെ നികുതി ഇളവ് പദവി റദ്ദാക്കാനുള്ള അധികാരം ട്രഷറി വകുപ്പിന് ഈ ബിൽ നൽകും. ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻമാരുടെയും ഒരു ഉഭയകക്ഷി സംഘം നിയമനിർമാണം രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിച്ചത്.

ആദ്യഭാഗം വിദേശത്ത് തടവിലാക്കപ്പെട്ട അമേരിക്കൻ ബന്ദികൾക്ക് നികുതി ഇളവ് നൽകുന്നതാണ്. രണ്ടാം ഭാഗം ഹമാസിനെ അനുകൂലിക്കുന്ന ഗ്രൂപ്പുകളെ ലേബൽ ചെയ്യുന്നതിനായി സംഘടനകൾക്ക് നോട്ടീസ് നൽകാനുള്ള അധികാരം യു.എസ് ട്രഷറി സെക്രട്ടറിക്ക് നൽകും എന്നതാണ്.

ഈ യു.എസ് നിയമം ട്രഷറി വകുപ്പിന് പ്രത്യേക കാരണങ്ങൾ വിശദീകരിക്കാതെ തന്നെ സംഘടനകൾക്ക് നോട്ടീസ് അയക്കാനുള്ള അധികാരം നൽകുന്നു.

സിവിൽ ലിബർട്ടീസ് ഗ്രൂപ്പുകൾ ഉടൻ തന്നെ നിയമനിർമാണത്തെ അപലപിച്ചു. അമേരിക്കയിലെ ഫലസ്തീൻ അനുകൂല ഗ്രൂപ്പുകളെയും ഗാസയിലേക്ക് സഹായം എത്തിക്കാൻ പ്രവർത്തിക്കുന്ന ഏത് ഗ്രൂപ്പുകളെയും ലക്ഷ്യം വയ്ക്കാൻ ഈ ബിൽ ഉപയോഗിക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകി.

300ലധികം പൗരസ്വാതന്ത്ര്യ ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മ, ബിൽ പാസാക്കുന്നതിനെതിരെ നിയമനിർമാതാക്കളോട് അഭ്യർത്ഥിക്കുന്ന  കത്തിൽ ഒപ്പുവച്ചു.

ഒരു വർഷത്തിലേറെ നീണ്ട ഇസ്രഈൽ ഫലസ്തീൻ പോരാട്ടത്തിൽ, ഇസ്രയേലിൻ്റെ പ്രവർത്തനം കുറഞ്ഞത് 43,799 പേരുടെ ജീവൻ അപഹരിച്ചു. അവരിൽ പലരും പ്രായമായവരും സ്ത്രീകളും കുട്ടികളും ആയിരുന്നു. മറ്റ് ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു അല്ലെങ്കിൽ കണക്കില്ല. യുദ്ധം ഗസയുടെ വലിയ ഭാഗങ്ങളും തകർത്തു. അത് അവശ്യ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും പ്രദേശത്തെ വാസയോഗ്യമല്ലാതാക്കുകയും ചെയ്തു.

Content Highlight: US House passes bill targeting charities and pro-Palestine groups

We use cookies to give you the best possible experience. Learn more