'ഇസ്രഈൽ വിരുദ്ധ പരാമര്‍ശം'; ഇല്‍ഹാന്‍ ഒമറിനെ യു.എസ് ഹൗസ് വിദേശകാര്യ സമിതിയില്‍ നിന്ന് പുറത്താക്കി
World News
'ഇസ്രഈൽ വിരുദ്ധ പരാമര്‍ശം'; ഇല്‍ഹാന്‍ ഒമറിനെ യു.എസ് ഹൗസ് വിദേശകാര്യ സമിതിയില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2023, 10:21 am

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെ (Ilhan Abdullahi Omar) യു.എസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയില്‍ (House Foreign Affairs Committee) നിന്ന് പുറത്താക്കി. ഇസ്രഈൽ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.

മുസ്‌ലിം സ്ത്രീയും അഭയാര്‍ഥിയുമായതിനാലാണ് തനിക്കെതിരെ നടപടിയെടുത്തതെന്ന് ഇല്‍ഹാന്‍ ഒമര്‍ ആരോപിച്ചു.

‘ഞാനൊരു മുസ്‌ലിമാണ്. ആഫ്രിക്കയില്‍ നിന്ന് കുടിയേറിയ അഭയാര്‍ഥിയുമാണ് അമേരിക്കന്‍ വിദേശനയത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ യോഗ്യയല്ലെന്ന് അവര്‍ കരുതുന്നതില്‍ ആരെങ്കിലും ആശ്ചര്യപ്പെടുന്നുണ്ടോ?,’ ഇല്‍ഹാന്‍ ചോദിച്ചു.

2020ല്‍ പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളപ്പോള്‍ രണ്ട് റിപ്പബ്ലിക്കുകളെ പുറത്താക്കിയതിനുള്ള പ്രതികാരമാണ് ഈ നടപടിയെന്നും ഡെമോക്രാറ്റുകളും, ഇല്‍ഹാന്‍ ഒമറും പ്രതികരിച്ചു.

എന്നാല്‍, ഈ നീക്കം ജൂതവിരുദ്ധതക്കെതിരെയുള്ള ശക്തമായ പ്രസ്താവനയാണെന്ന് റിപ്പബ്ലിക്കന്‍സ് പറഞ്ഞു.

നവംബറില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് യു.എസ് പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കുകള്‍ ഭൂരിപക്ഷം നേടിയത്.

യു.എസ് പ്രതിനിധി സഭയുടെ സീപീക്കര്‍ കെവിന്‍ മക്കാര്‍തിയുടെ പുതിയ ഭരണത്തിന് കീഴില്‍ വിവിധ സമിതികളില്‍ നിന്ന് ഇതുവരെ മൂന്ന് പേരെയാണ് പുറത്താക്കിയത്.

ഇസ്‌ലാമോഫോബിയയും വംശീയതയും ആയുധമാക്കിക്കൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും മകാര്‍തിയും തന്നെ നിരന്തരം ആക്രമിക്കുകയാണെന്നും ഒമര്‍ നേരത്തെയും ആരോപിച്ചിരുന്നു.

2019 മുതല്‍ യു.എസ് കോണ്‍ഗ്രസിലെ മിനിസോട്ടയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഡെമോക്രാറ്റിക്- ഫാര്‍മര്‍- ലേബര്‍ പാര്‍ട്ടി (Democratic-Farmer-Labor Party) അംഗമായ ഇല്‍ഹാന്‍ ഒമര്‍.

അന്താരാഷ്ട്ര തലത്തില്‍ ഇസ്‌ലാമോഫോബിയ തടയുന്നതിനുള്ള ബില്‍ 2021 ഡിസംബറില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത് ഇല്‍ഹാന്‍ ഒമറായിരുന്നു. സൊമാലിയയില്‍ ജനിച്ച ഒമര്‍ പിന്നീട് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

ഇസ്രാഈലിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകയായത് കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകളില്‍ നിന്നും ഇവര്‍ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.

ഇസ്രാഈലിന് യു.എസില്‍ നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നതിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ 2019ല്‍ ഇല്‍ഹാന്‍ ഒമര്‍ മാപ്പുപറഞ്ഞിരുന്നു.

Content Highlight: US House fires Ilhan Omar from Foreign Affairs Committee over Israel comments