| Tuesday, 20th April 2021, 7:39 am

വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്കന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് വരെ കൊവിഡ് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നും നിലവിലെ സ്ഥിതിയില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോണ്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.

അത്യാവശ്യമുള്ളവര്‍ ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് പൂര്‍ണമായും വാക്സിനേഷന്‍ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടണും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി ബ്രിട്ടണ്‍ അറിയിച്ചു.ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കി മണക്കൂറുകള്‍ക്ക് പിന്നാലെയാണ് നടപടി.

ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ പ്രവേശിക്കാനാകില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നും വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കും. ഇവര്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഹോട്ടലുകളില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി ബ്രിട്ടണ്‍ ആരോഗ്യ സെക്രട്ടറി മാന്‍ ഹാന്‍കോക്കാണ് അറിയിച്ചത്.

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദങ്ങള്‍ ബ്രിട്ടണില്‍ കണ്ടതായും ഹാന്‍കോക്ക്പറഞ്ഞു. 103 കേസുകളാണ് അത്തരത്തില്‍ കണ്ടെത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രാമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയത്. ഏപ്രില്‍ 26മുതല്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ബോറിസ് ജോണ്‍സണിന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്നും ഈ മാസം അവസാനം ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിലൂടെ ചര്‍ച്ച നടത്തുമെന്നും ഇന്ത്യ-യു.കെ സര്‍ക്കാരിന്റെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ നിയന്ത്രണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. ആകെ 19,29,329 പേരാണ് ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: US Health Agency Urges Citizen To Avoid Travel To India

We use cookies to give you the best possible experience. Learn more