| Wednesday, 12th December 2018, 10:52 am

265 വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ് ശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: 265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ് ശിക്ഷ. ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറായിരുന്ന ലാറി നാസറിനെയാണ് പല കേസുകളിലായി 300 വര്‍ഷത്തെ തടവു ശിക്ഷക്ക് കോടതി വിധിച്ചത്.

ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ളത് വനിതാ അത്‌ലറ്റുകളാണ്. ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുള്ള അമേരിക്കയിലെ പ്രശസ്തരായ താരങ്ങള്‍ വരെ നാസറിന്റെ ചൂഷണത്തിനിരയായിട്ടുണ്ട്. സംഭവത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ കോടതിക്കു മുന്നില്‍ മൊഴി നല്‍കിയിരുന്നു.


“നിങ്ങളുടെ മരണവാറണ്ടിലാണ് ഞാന്‍ ഒപ്പിട്ടിരിക്കുന്നത്” എന്നാണ് ഒരു കേസില്‍ 175 വര്‍ഷം ശിക്ഷ വിധിച്ച ജഡ്ജി പറഞ്ഞത്.

അതേസമയം, ലാറി നാസര്‍ വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒളിമ്പിക് കമ്മിറ്റി മാപ്പപേക്ഷച്ചു. അത്‌ലറ്റുകളെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അവരോടും കുടുംബങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.

അധികൃതരുടെ കഴിവുകേടാണ് ഇത്രയും നീചമായ പ്രവൃത്തി ചെയ്യാന്‍ നാസറിന് തുണയായതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് ഒളിമ്പിക് കമ്മിറ്റിയുടെ പ്രതികരണം.


1986ലാണ് യു.എസ്.എ ജിംനാസ്റ്റിക്സുമായി ഡോ. നാസര്‍ സഹകരിക്കുന്നത്. ഒളിമ്പിക് ടീമിനെ തെരഞ്ഞെടുക്കുന്നതിന്റെ ചുമതല ഈ സംഘടനയ്ക്കാണ്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സ്‌കൂളിലേക്കായിരുന്നു നാസറിന്റെ നിയമനം.

1996, 2000, 2008, 2012 ഒളിമ്പിക്സുകളില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. മിഷിഗണില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ കൂടുതലും ചൂഷണത്തിനിരായായത് എന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 2016ലായിരുന്നു പീഡനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.

Latest Stories

We use cookies to give you the best possible experience. Learn more