ബോസ്റ്റണ്‍ സ്‌ഫോടനത്തിന് പിന്നില്‍ യു.എസ് ഭരണകൂടം
World
ബോസ്റ്റണ്‍ സ്‌ഫോടനത്തിന് പിന്നില്‍ യു.എസ് ഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2013, 12:00 am

വാഷിങ്ടണ്‍: അമേരിക്കയില്‍ ബോസ്റ്റണ്‍ മാരത്തണിനിടെയുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ യു.എസ് ഭരണകൂടം തന്നെയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍. ന്യൂ ഹാംപ്‌ഷെയറില്‍ നിന്നുള്ള സെനറ്റര്‍ സ്റ്റെല്ല ട്രിംബ്‌ലെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.[]

കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരും അന്വേഷണ ഉദ്യോഗസ്ഥരും ശ്രമിച്ചതായും സ്റ്റെല്ല ആരോപിക്കുന്നു. ഇതിന്റെ തെളിവുകളും സ്‌റ്റെല്ല പുറത്തുവിട്ടിട്ടുണ്ട്.

ബോസ്റ്റണ്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം റഷ്യയിലേക്ക് വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് യു.എസ് സെനറ്ററുടെ ആരോപണം എന്നത് കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും.

ബോംബാക്രമണം ആസൂത്രണം ചെയ്‌തെന്നാരോപിക്കപ്പെടുന്ന സഹോദരങ്ങളുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാനാണ് എഫ്.ബി.ഐ റഷ്യയിലെത്തിയത്. സ്‌ഫോടനത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്ന തമെര്‍ലാന്‍ തസര്‍നേവ്, തമെര്‍ലാന്‍ സോഖര്‍ എന്നിവര്‍ക്ക് വിദേശ സഹായങ്ങളോ അല്‍ഖായിദ അടക്കമുള്ള തീവ്രവാദ സംഘടനകളുമായോ ബന്ധമില്ലെന്നും എഫ്.ബി.ഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്‌ഫോടനത്തില്‍ തസര്‍നേവ് കൊല്ലപ്പെടുകയും സോഖറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റഷ്യയിലെ ചെച്‌നിയന്‍ വംശജരായ ഇവര്‍ കഴിഞ്ഞ വര്‍ഷം ആറുമാസത്തോളം അവിടെ തങ്ങിയുട്ടുണ്ടെന്നും ഇത് അന്വേഷിക്കാനാണ് റഷ്യയിലെത്തിയതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

ഈ മാസം 16ന് ബോസ്റ്റണ്‍ മാരത്തണിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 146 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് തീവ്രവാദബന്ധമുണ്ടായിരുന്നതായാണ് അമേരിക്ക ആദ്യം പറഞ്ഞിരുന്നത്.